മുക്കം: പട്ടികവർഗ വിഭാഗക്കാർ ഏറെയുള്ള കാരശ്ശേരി പഞ്ചായത്ത് ആറാം വാർഡ് ജനറൽ സീറ്റാണെങ്കിലും എൽ.ഡി.എഫ് അങ്കത്തിനിറക്കിയത് അതേ വിഭാഗത്തിൽ നിന്നുള്ള യുവനേതാവിനെ. സജീവ സി.പി.ഐ പ്രവർത്തകനായ ഓട്ടോറിക്ഷാ ഡ്രൈവർ എം.ആർ.സുകുമാരൻ ഈ രണ്ടാമങ്കത്തിൽ ജയിച്ചുകയറുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
മുന്നൂറോളം കുടുംബങ്ങളുള്ള തോട്ടക്കാട് വാർഡിൽ ഏതാണ്ട് അറുപതെണ്ണവും പട്ടികവർഗ വിഭാഗക്കാരുടേതാണ്. ആകെ 1009 വോട്ടർമാരാണ് ഇവിടെയുള്ളത്. പട്ടികവർഗ വിഭാഗക്കാരനെ ജനറൽ സീറ്റിൽ സ്ഥാനാർത്ഥിയാക്കി പുതിയൊരു മാതൃക സൃഷ്ടിക്കുകയായിരുന്നു സി.പി.ഐ നേതൃത്വം.
കഴിഞ്ഞ തവണ ആദ്യമത്സരത്തിൽ കുറഞ്ഞ വോട്ടുകൾക്ക് വിജയം കൈവിട്ടു പോവുകയായിരുന്നു സുകുമാരന്. പൊതുപ്രവർത്തനരംഗത്തെന്ന പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവസാന്നിദ്ധ്യമായ സുകുമാരൻ നാട്ടുകാർക്കു സുപരിചിതനാണ്. തുടർച്ചയായി രണ്ടു വർഷം പ്രളയം നാശം വിതച്ചപ്പോൾ ദുരിതാശ്വാസ ക്യാമ്പിന്റെ നടത്തിപ്പിൽ നേതൃനിരയിലുണ്ടായിരുന്നു ഇദ്ദേഹം. തോട്ടക്കാടിന്റെ ഒരു ഭാഗത്ത് ഉരുൾപൊട്ടലുണ്ടായതോടെ നാനൂറോളം പേർക്ക് അഞ്ചു ദിവസം ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടിവന്നിരുന്നു. ഇവർക്ക് ആശ്വാസം ചൊരിഞ്ഞും സഹായമെത്തിച്ചും സുകുമാരൻ സജീവമായുണ്ടായിരുന്നു.
സി പി.ഐ തോട്ടക്കാട് ബ്രാഞ്ച് സെക്രട്ടറി, കാരശ്ശേരി ലോക്കൽ കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി, എ.ഐ.വൈ.എഫ് കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചു. തേക്കുംകുറ്റിയിലെ കാരശ്ശേരി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം മാനേജ്മെന്റ് കമ്മിറ്റി അംഗമാണ്. ഫാത്തിമമാത എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റായും പ്രവർത്തിച്ചു.
മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ നിന്ന് ഉയർന്ന മാർക്കു നേടിയാണ് 1996-ൽ സുകുമാരൻ എസ്.എസ്.എൽ.സി പാസ്സായത്. എം.എ.എം.ഒ കോളേജിൽ നിന്ന് പ്രിഡിഗ്രി പൂർത്തിയാക്കി. പിന്നീട് തുടർപഠനം നടന്നില്ല. പൊതുപ്രവർത്തന രംഗത്ത് പെട്ടെന്ന് ശ്രദ്ധേയനാവുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായതിനിടെ ആറു മാസം വടകര നഗരസഭയിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ട്.
പട്ടികവർഗക്കാരടക്കമുള്ള പ്രദേശവാസികളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയെന്ന ലക്ഷ്യമാണ് സുകമാരന്റേത്. ജനപ്രതിനിധിയെന്ന നിലയിൽ ഈ വാർഡിൽ ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനാവുമെന്ന പ്രതീക്ഷയുണ്ട് ഇദ്ദേഹത്തിന്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ വാർഡിൽ നിന്ന് വിജയിച്ച ലിസി സ്കറിയ (സി.പി.ഐ) ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായിരുന്നു. അവർ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയിലൂടെ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാനാവുമെന്ന ഉറച്ച വിശ്വാസമുണ്ട്. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികളും കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ വികസന നേട്ടങ്ങളും അനുഭവിച്ചറിഞ്ഞ വോട്ടർമാർ തനിയ്ക്കൊപ്പം നിൽക്കുമെന്ന് ഇദ്ദേഹം പറയുന്നു.
സുകുമാരന്റെ ഭാര്യ സിന്ധു മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിപിറ്റൽ ജീവനക്കാരിയാണ്. മക്കൾ: ആർദ്ര, അനയ്.