പേരാമ്പ്ര: പരിസ്ഥിതി ലോലപ്രദേശമായ മീറോട് മലയിൽ ചെങ്കൽ ഖനനത്തിന് അതോറിറ്റി നൽകിയ അനുമതി റദ്ദാക്കണമെന്ന് ബി.ജെ.പി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂരഹിതരായ ജനങ്ങൾക്ക് ഗവൺമെന്റിൽ ലഭിച്ച ഭൂമി കൈവശമാക്കിയ ഭൂമാഫിയ സ്ഥലത്ത് നിന്ന് അനധികൃതമായാണ് ചെങ്കൽ ഖനനം നടത്തിക്കൊണ്ടിരിക്കുന്നത്.
നിരവധി ഔഷധ സസ്യങ്ങളും പക്ഷിമൃഗാദികളും മറ്റു ജീവികളും വസിക്കുന്ന പ്രദേശമാണ് മീറോട് മല.
ഈ മലക്ക് ചുറ്റുമുള്ള പ്രദേശവാസികളുടെ കുടിവെള്ള സ്രോതസ്സ് മലയിൽ നിന്ന് ഉത്ഭവിക്കുന്ന അരുവികളാണ്. എന്നാൽ ഖനനം ആരംഭിച്ച ശേഷം നീരൊഴുക്ക് കുറഞ്ഞു. എൻവയോൺമെന്റ് ക്ലിയറെൻസിൽ പറയുന്ന നിബന്ധനകൾ ലംഘിച്ചുകൊണ്ടാണ് ഇവിടെ ഘനനം നടത്തുന്നത്.
ബി.ജെ.പി മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൊളോറോത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഞ്ഞക്കുളം ഡിവിഷൻ ബ്ലോക്ക് ബി.ജെ.പി സ്ഥാനാർഥി രാജീവൻ ആയടത്തിൽ, വാർഡ് സ്ഥാനാർത്ഥികൾ ആയ ഉഷ ചമ്പയിൽ, അനില സുരേഷ് ബാലൻ നിടുമ്പൊയിൽ,ഷൈജു പി.കെ എന്നിവർ പ്രസംഗിച്ചു.