സുൽത്താൻ ബത്തേരി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രണ്ട് സ്ഥാനാർത്ഥികൾ ക്വാറന്റൈനിലായി​. ഒരാൾ രോഗം പിടിപെട്ട് ചികിൽസയിലുമാണ്.

കുടുംബാംഗങ്ങൾക്ക്‌ രോഗം പിടിപെട്ടതിനെ തുടർന്നാണ് ഒരാൾ ക്വറന്റൈനിൽ പോയത്. ഒരാൾ ജില്ലാ പഞ്ചായത്തിലേക്കും മറ്റെയാൾ ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് മൽസരിക്കുന്നത്. ഇവർക്ക് ഇനി തി​രഞ്ഞെടുപ്പ് കഴിയാതെ പുറത്തിറങ്ങാനും കഴിയില്ല.
തി​രഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‌ശേഷം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വേണ്ടത്ര ജാഗ്രത പുലർത്താത്തതിനെ തുടർന്നാണ് വ്യാപനം രൂക്ഷമായത്. നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വരുത്തിയതോടെയാണ് ആളുകൾ കൊവിഡി​നെ കാര്യമായി എടുക്കാതായത്. ഇതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്ന രോഗ വ്യാപനം. തി​രഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടൻ തന്നെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ഇപ്പോൾ ഉള്ളതിന്റെ മൂന്ന് ഇരട്ടിയെങ്കിലും കൊവിഡ് വ്യാപനമുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
സ്ഥാനാർത്ഥിക്ക് കൊവിഡ് ബാധി​ച്ചത് പ്രവർത്തകരിൽ നിന്നോ വോട്ട് അഭ്യർത്ഥനയുമായി ആളുകളുടെ ഇടയിലേക്ക് ഇറങ്ങിചെന്നപ്പോഴോ ആകാനാണ് സാധ്യത. സ്ഥാനാർത്ഥി രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായതോടെ പ്രവർത്തകരും ആശങ്കയിലായി. അടുത്ത് ഇടപഴകിയവർ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ട അവസ്ഥയാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ സ്ഥാനാർത്ഥികളും പ്രവർത്തകരും കോളനികളിൽ കയറിയുള്ള വോട്ട് അഭ്യർത്ഥനയ്ക്ക് സ്വയം നിയന്ത്രണം ഏർപ്പെടുത്തിയി​ട്ടുണ്ട്.