
കോഴിക്കോട്: ഉദ്യോഗാർത്ഥികളെ പെരുവഴിയിലാക്കി ഒരു പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കൂടി ഇന്നലെ അവസാനിച്ചു. 2017 ഡിസംബർ അഞ്ചിന് നിലവിൽ വന്ന അപ്പക്സ് സൊസൈറ്റികളിലെ അസി. മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ) റാങ്ക് ലിസ്റ്റാണ് അവസാനിച്ചത്. മൂന്ന് വർഷത്തെ കാലയളവിൽ റാങ്ക് ലിസ്റ്റിൽ നിന്ന് രണ്ട് പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായ സമയത്ത് നിയമനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖമന്ത്രി ഉൾപ്പെടെയുള്ളവരെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. അപ്പക്സ് സൊസൈറ്റികളിൽ ധാരാളം ഒഴിവുകൾ കിടക്കുമ്പോഴാണ് തങ്ങൾക്ക് ഈ അവസ്ഥ ഉണ്ടായതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. സൊസൈറ്റികളിൽ മിക്കതിലും പാർട്ടി നോമിനികളായ താത്ക്കാലിക ജീവനക്കാരെ നിയമിക്കുകയും ചില സ്ഥാപനങ്ങൾ ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. താത്കാലികനിയമനം നടത്തിയപ്പോൾ റാങ്ക് ലിസ്റ്റിലുള്ളവർ പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ,സാമ്പത്തിക പ്രതിസന്ധിയാണെന്നും സ്ഥിരം നിയമനം നടത്തിയാൽ സാമ്പത്തിക ബാദ്ധ്യത ഉണ്ടാവുമെന്നും പറഞ്ഞ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
2011ലാണ് അസി. മാനേജർ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ് റാങ്ക് ലിസ്റ്റ് നിലവിൽ വരാൻ ആറ് വർഷമെടുത്തു. ആ റാങ്ക് ലിസ്റ്റിൽ നിന്നാണ് മൂന്ന് വർഷത്തിനിടെ രണ്ട് പേർക്ക് മാത്രം നിയമനം നൽകിയത്.
നിയമനം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ പിന്തുണയ്ക്കുന്നതിന് പകരം അവരെ തള്ളിപ്പറയുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു.