സുൽത്താൻ ബത്തേരി: രാജ്യത്തിന്റെ സംസ്‌കാരം തകർത്ത് ജാതീയമായും മതപരമായും ഭിന്നിപ്പിക്കുന്ന നിയമങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ബത്തേരി സ്വതന്ത്രമൈതാനിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും എതിരാണ്. കാർഷിക ബില്ലുകൾ അംബാനിപോലുള്ള കോർപ്പറേറ്റുകൾക്ക് കാർഷിക മേഖലയെ ഏൽപ്പിച്ചുകൊടുക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമം വയനാട് പോലുള്ള കാർഷിക ജില്ലകളെ ബാധിക്കും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദുർബലമായികൊണ്ടിരിക്കുകയാണ്. രൂക്ഷമായ വിലക്കയറ്റവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകൾക്കെതിരെ നീങ്ങുകയാണ് ബി.ജെ.പി സർക്കാർ. ഇത്തരത്തിൽ ഭയപ്പെടുത്തി കോൺഗ്രസിനെ ബി.ജെ.പിയാക്കുകയാണ് ചെയ്യുന്നതെന്നും കോൺഗ്രസിന്റെ ദേശിയ നേതൃത്വം ദുർബലമാണന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തി മാത്രമേ കേന്ദ്രസർക്കാറിനെതിരെ പോരാടാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 നടപ്പാക്കികഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കെ.ജെ.ദേവസ്യ അദ്ധ്യക്ഷനായാരുന്നു. സി.പി.എം കേന്ദ്രകമ്മറ്റിയംഗം പി.കെ.ശ്രീമതി, പി.ഗഗാറിൻ, കെ.ശശാങ്കൻ, സി.കെ.സഹദേവൻ, സുരേഷ് താളൂർ, ബേബി വർഗീസ് നഗരസഭ എൽ.ഡി.എഫ് സ്ഥാനാർഥികൾ എന്നിവർ പങ്കെടുത്തു.
പടം.. ഇ പി
ബത്തേരി സ്വതന്ത്രമൈതാനിയിൽ നടന്ന എൽ.ഡി.എഫ് യോഗത്തിൽ മന്ത്രി ഇ.പി ജയരാജൻ സംസാരിക്കുന്നു
വിളംബര റാലി നടത്തി
സുൽത്താൻ ബത്തേരി: തിരഞ്ഞെടുപ്പ് പ്രചരാണർഥം ബത്തേരി ടൗണിൽ എൽ.ഡി.എഫിന്റെ വിളംബര റാലി നടത്തി. കോട്ടക്കുന്നിൽ നിന്നും, അസംപ്ഷൻ ജംഗ്ഷനിൽ നിന്നുമാരംഭിച്ച റാലികൾ സ്വതന്ത്രമൈതാനിയിൽ സംഗമിച്ചു. റാലികൾക്ക് കെ ശശാങ്കൻ, ബേബി വർഗീസ്, സി.കെ സഹദേവൻ. ലിജോ ജോണി, എ.കെ ജിതൂഷ്, കെ.ജെ ദേവസ്യ തുടങ്ങിയവർ നേതൃത്വം നൽകി.