lockel
പടം: റയിൽവേ ഉദ്യോഗസ്ഥരുടെ എതിർപ്പുമൂലം നവീകരണം നിർത്തിവെച്ച ഫറോക്ക് - വെസ്റ്റ് നല്ലൂർ റോഡിൽ കല്ലും മണ്ണും കൂനകളായി കിടക്കുന്നു

ഫറോക്ക്: നിർമ്മാണം നടന്നുകൊണ്ടിരുന്ന ഫറോക്ക് - വെസ്റ്റ് നല്ലൂർ റോഡ് നവീകരണം തടഞ്ഞ് ജനങ്ങളെ ദുരിതത്തിലാക്കിയ റെയിൽവേ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഫറോക്ക് ഹൈസ്കൂൾ മുതൽ ഓവുപാലം വരെയുള്ള റോഡുയർത്തി ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തിക്കായി 20 ലോഡോളം കല്ലും മണ്ണും ഇറക്കിയപ്പോഴാണ് റയിൽവേ ഉദ്യോഗസ്ഥർ എതിർപ്പുമായി രംഗത്തെത്തുകയും കരാറുകാർ പണി നിറുത്തി വെയ്ക്കുകയും ചെയ്തത്.

റെയിൽവേ സ്ഥലത്തിന് അടുത്തുള്ള റോഡാണെന്നതിന്റെ പേരിലാണ് നിർമ്മാണം തടഞ്ഞിരിക്കുന്നത്. കാലങ്ങളായി നാട്ടുകാർ ഉപയോഗിക്കുകയും നഗരസഭ നവീകരണം നടത്തുകയും ചെയ്യുന്ന ഈ റോഡ് പാണ്ടിപ്പാടം, പള്ളിത്തറ,​ പൂത്തോളം പ്രദേശത്തുകാർക്ക് ഫറോക്കിലെത്തുവാനുള്ള ഏക വഴിയും കൂടിയാണ്.

വഴിയടഞ്ഞതുമൂലം ജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ റയിൽവേ ഉദ്യോഗസ്ഥരുടെ നടപടിയിൽ എൽ.ഡി.എഫ് ഫറോക് ഇന്ന് വൈകുന്നേരം ഫറോക്കിൽ സമരപരിപാടി സംഘടിപ്പിക്കും.

സിപിഐ പ്രതിഷേധിച്ചു.

ഫറോക്ക് - വെസ്റ്റ്നല്ലൂർ റോഡ് നവീകരണം തടഞ്ഞ് ജനങ്ങളെ ദുരിതത്തിലാക്കിയ റെയിൽവേയുടെ നടപടിയിൽ സി.പി.ഐ ഫറോക്ക് ലോക്കൽ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഗതാഗതം പുനസ്ഥാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന്

യോഗം ആവശ്യപ്പെട്ടു. എം.എ ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി മുരളീധരൻ , ടി ചന്ദ്രൻ, വി സുഭാഷ്, വിജയകുമാർ പൂതേരി എന്നിവർ പ്രസംഗിച്ചു.