
കോഴിക്കോട്: ഒമ്പത് മാസത്തിന് ശേഷം കാലിൽ ചിലങ്കയണിഞ്ഞ സന്തോഷത്തിലാണ് നൃത്താദ്ധ്യാപകരും കുട്ടികളും. കൊവിഡിനെ തുടർന്ന് നിറുത്തി വെച്ച ക്ലാസുകൾ ഇന്നലെയോടെയാണ് പുനരാരംഭിച്ചത്. സ്വന്തമായി കെട്ടിടമുള്ളവരാണ് ക്ലാസുകൾ ആരംഭിച്ചവരിൽ കൂടുതലും.കുട്ടികളെ ഒരു മീറ്റർ അകലത്തിൽ നിറുത്തിയാണ് പരിശീലനം. മാസ്കും സാനിറ്റെസറും നിർബന്ധം. അതേ സമയം മാസ്ക് ഉപയോഗിച്ചുള്ള പരിശീലനം കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അതേ സമയം വാടക കെട്ടിടങ്ങളിൽ നടത്തിയിരുന്ന നൃത്ത വിദ്യാലയങ്ങൾ ഇപ്പോഴും അടഞ്ഞു തന്നെയാണ്.
ലോക്ക് ഡൗണിൽ നൃത്തവിദ്യാലയങ്ങൾക്ക് പൂട്ടുവീണതോടെ അദ്ധ്യാപകരുടെ ജീവിതവും ദുരിതത്തിലായിരുന്നു. വിദ്യാർത്ഥികൾ മാസംതോറും നൽകിയിരുന്ന ഫീസ് മാത്രമായിരുന്നു ഏക വരുമാനം. അതു നിലച്ചതോടെ പട്ടിണിയുടെ വക്കിലായി പലരും. വാടക കൊടുക്കാൻ മാർഗമില്ലാതായതോടെ ക്ളാസുകൾ നടത്തിയിരുന്ന കെട്ടിടങ്ങൾ ഒഴിയേണ്ടി വന്നതാണ് ഇപ്പോൾ പലർക്കും അനുമതി കിട്ടിയിട്ടും ക്ളാസുകൾ നടത്താൻ കഴിയാതെ വന്നത്.
ക്ളാസുകൾ പുനരാരംഭിച്ചതിന്റെ ആദ്യ ദിനം തന്നെ പ്രതീക്ഷിച്ചതിലും കൂടുതൽ വിദ്യാർത്ഥികൾ എത്തിയെന്നാണ് അദ്ധ്യാപകർ പറയുന്നത്. മാസങ്ങളായി വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഇത് ഒരു ആശ്വാസമാണ്. സർക്കാർ നിർദ്ദേശമനുസരിച്ചാണ് ജില്ലയിലെ മിക്ക നൃത്തവിദ്യാലയങ്ങളിലും ക്ലാസുകൾ നടക്കുന്നത്.
" നൃത്തവിദ്യാലയങ്ങൾ പുനരാരംഭിച്ചതിൽ സന്തോഷമുണ്ട്. രണ്ട് ബാച്ചുകളായാണ് ക്ലാസുകൾ പരിശീലനം നടത്തുന്നത്. കൊവിഡ് മാനദണ്ഡപ്രകാരമാണ് ക്ലാസുകൾ നടത്തുന്നത്.നൃത്തം ചെയ്യുമ്പോൾ മാസ്ക് ഒരു പ്രശ്നമാണ്.
ദിനേശ് കുമാർ
ശിവാഞ്ജലി നൃത്തകലാലയം