
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ കോഴിക്കോട്ടുകാരുടെ ഏക ചോദ്യം ഇതാണ് , വരുമോ സരോവരം മാലിന്യ പ്ലാന്റ്. ആര് അധികാരത്തിൽ വന്നാലും പ്രധാന വെല്ലുവിളികളിലൊന്നാണ് സരോവരത്തെ ശുചിമുറി മാലിന്യം കേന്ദ്രീകൃതമായി സംസ്കരിക്കാൻ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സരോവരം മാലിന്യ പ്ലാന്റ്. പദ്ധതി യാഥാർത്ഥ്യമാക്കുന്നതോടെ ശുചിമുറി മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കും. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും ശുചിമുറി മാലിന്യം തള്ളുന്നത് തടയുന്നതിനാണ് സരോവരത്തെ വാട്ടർ അതോറിറ്റി ഭൂമിയിൽ 2012ൽ 93 കോടിയുടെ മാലിന്യ പ്ലാന്റ് പദ്ധതി ആരംഭിച്ചത്. എന്നാൽ ഫണ്ടിന്റെ അഭാവത്തിൽ കിഫ്ബി ഫണ്ടിന് കാത്തിരിക്കുകയാണ് ഇപ്പോൾ. നഗരത്തിലെ കിണറുകളിൽ കോളിഫോം ബാക്ടരീയ അളവ് കൂടുതലാണ്. കനോലി കനാലിലേക്കും കല്ലായിപ്പുഴയിലേക്കും തുറന്നുവിടുന്ന മാലിന്യത്തിന് കണക്കില്ല. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഈ പദ്ധതി. പ്ലാന്റ് നിർമ്മാണത്തിന് ഹരിത ട്രൈബ്യൂണൽ തീർത്ത കുരുക്കെല്ലാം തീർന്നു. എ.ഡി.ബി വായ്പയും സുസ്ഥിര നഗരവികസന പദ്ധതി ഫണ്ടും ഇനിനായി ഉപയോഗിച്ചു കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി അശോകപുരത്തെയും പുതിയറയിലെയും ചാലപ്പുറത്തെയും റോഡുകൾ കീറിമുറിച്ചിട്ടിരിക്കുകയാണ്.