
കോഴിക്കോട് : യു.ഡി.എഫ്- വെൽഫെയർ പാർട്ടി ബന്ധത്തിൽ നിലപാട് കടുപ്പിച്ച് സമസ്ത. സഖ്യത്തിനെതിരെ ശക്തമായ പ്രചാരണമാണ് പ്രാദേശിക തലങ്ങളിലും വിദ്യാർത്ഥി യുവജന സംഘടനകളിലൂടെയും സമസ്ത സമുദായ അംഗങ്ങൾക്ക് നൽകുന്നത്. നേരിട്ട് എതിർപ്പ് ഉന്നയിച്ചിട്ടും വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് പരസ്യ സഖ്യത്തിൽ ഏർപ്പെട്ടത് സംഘടനയോടുള്ള വെല്ലുവിളിയായാണ് ഇ.കെ. വിഭാഗം സമസ്ത കാണുന്നത്. സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
സമസ്തയുടെ പ്രവർത്തകർക്ക് വ്യക്തമായ ആദർശവും അസ്തിത്വവും ഉണ്ടെന്നും വോട്ട് തേടുന്നതടക്കമുള്ള കാര്യത്തിൽ ആദർശം പണയപ്പെടുത്താൻ ഒരു പ്രവർത്തകനും മുതിരേണ്ടതില്ലെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂരിന്റെ പ്രസ്താവന നിലപാടിൽ മാറ്റമില്ലെന്നതിന്റെ സൂചനയാണ്.
മതരാഷ്ട്ര വാദികളുമായുള്ള കൂട്ടുകെട്ട് മതേതര ചേരിക്ക് ഉചിതമല്ലെന്നും മുന്നണി മാറുമ്പോഴേക്കും തീവ്രവാദികൾ മതേതര വാദികളാകുന്നതിലെ രസതന്ത്രം മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.
'അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തിൽ ഇന്നല ആരംഭിച്ച് ജനുവരി 26 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിൽ നിലപാട് ശക്തമായി അംഗങ്ങളിലേക്ക് എത്തിക്കും. പരസ്യമായി ആരെയും പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യന്നില്ലെങ്കിലും എക്കാലവും യു.ഡി.എഫിന്റെയും പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെയും വോട്ട് ബാങ്കായി നിലകൊണ്ട സമസ്ത നിലപാട് കടുപ്പിക്കുന്നതിൽ യു.ഡി.എഫിൽ കടുത്ത ആശങ്കയുണ്ട്.
എസ്.കെ.എസ്.എസ്.എഫ് പ്രസിദ്ധീകരണമായ സത്യധാരയിലെ ലേഖനത്തിൽ രൂക്ഷമായ ഭാഷയിലാണ് ജമാ അത്തെ ഇസ്ലാമിയെയും വെൽഫെയർ പാർട്ടിയെയും ഇവരുമായി സഹകരണത്തിൽ ഏർപ്പെട്ട മുന്നണികളെയും വിമർശിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടം മുതൽ വെൽഫെയർ പാർട്ടിയുടെ രംഗപ്രവേശം ഉൾപ്പെടെയുള്ള ജമാഅത്തെ ഇസ്ലാമി നിലപാടുകൾ ചൂണ്ടിക്കാണിച്ചാണ് വിമർശനം.