ele

കോഴിക്കോട് : പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ജില്ലയിലെ ആധിപത്യം കൂടുതൽ ശക്തമാക്കാനാവുമെന്ന ആത്മവിശ്വാസത്തോടെ ഇടതുപക്ഷം. വികസനപ്രവർത്തനങ്ങൾ മുൻനിറുത്തി പ്രചാരണം ആരംഭിച്ച ഇടതുപക്ഷം അവസാനഘട്ട പ്രചാരണത്തിൽ യു.ഡി.എഫ്-വെൽഫെയർ പാർട്ടി ബന്ധം പ്രധാന തിരഞ്ഞെടുപ്പ് ആയുധമാക്കി മുന്നേറുകയാണ്. വർഗീയ പ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് ബി.ജെ.പിക്കെതിരെ ശക്തമായ ആരോപണവുമായി എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. വർഗീയ പ്രചാരണത്തിനെതിരെ നടപടി എടുക്കണമെന്ന് ഇലക്ഷൻ കമ്മീഷനോടും ജില്ല കളക്ടറോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും ഭരണം കൈയ്യാളുന്നതിനാൽ കാര്യമായ ഭരണ വിരുദ്ധ വികാരം ഇത്തവണയില്ലെന്ന അനുകൂല ഘടകവും ഇടതിനുണ്ട്.

വികസന പ്രവർത്തനങ്ങൾ,​ പ്രളയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെല്ലാം തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എൽ.ജെ.ഡിയുടെ വരവ് വടകര, കുറ്റ്യാടി, കൊയിലാണ്ടി ഭാഗങ്ങളിലും കോഴിക്കോട് കോർപ്പറേഷനിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ആർ.എം.പി.ഐയുടെ സ്വാധീനം ഇടിഞ്ഞതും ഇടതിന് നേട്ടമാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ എൽ.ജെ.ഡിയ്ക്കും കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിനും കരുത്ത് കാണിക്കേണ്ടതുണ്ട്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടിയാകും ഇരു കക്ഷികൾക്കും എൽ.ഡി.എഫിൽ കിട്ടുന്ന പരിഗണന. അതിനാൽ ശക്തികേന്ദ്രങ്ങളിൽ കടുത്ത പോരാട്ടമാണ് ഇരുകൂട്ടരും നടത്തുന്നത്.

തിരുവമ്പാടി, പേരാമ്പ്ര തുടങ്ങിയ മലയോര മേഖലകളിൽ കേരള കോൺഗ്രസ് എമ്മിന്റെ സഹകരണത്തോടെ യു.ഡി.എഫ് കോട്ടകൾ തകർക്കാമെന്ന കണക്കുകൂട്ടലുമുണ്ട്. യു.ഡി.എഫിലുണ്ടായ വിള്ളലും കെ. മുരളീധരൻ -മുല്ലപ്പള്ളി പോരും വടകരയിൽ രൂപംകൊണ്ട ജനകീയ മുന്നണിയിലെ ഭിന്നതയും ഇടതിന് പ്രതീക്ഷ നൽകുന്നു. യു.ഡി.എഫ്- വെൽഫെയർ പാർട്ടി ബന്ധത്തെ തുടർന്ന് പല മുസ്ലിം സംഘടനകളും യു.ഡി.എഫിനോട് ഇടഞ്ഞുനിൽക്കുകയാണ്.