കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. 10 ന് രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് 6 മണി വരെയാണ് പോളിംഗ്. പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം നിർത്തണമെന്നാണ് ചട്ടം. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ കൊട്ടിക്കലാശം ഉണ്ടാവില്ല.
പോളിങ് സാമഗ്രികളുടെ വിതരണം 9 ന് രാവിലെ മുതൽ നടക്കും. ഏഴ് വിതരണ കേന്ദ്രങ്ങളിൽ നിന്നാണ് വിതരണം. ഓരോ ബ്ലോക്കിനും ഓരോ നഗരസഭയ്ക്കും ഓരോ വിതരണ കേന്ദ്രമാണ്. ഡിസംബർ 16 ന് വോട്ടെണ്ണലും ഇവിടങ്ങളിൽ വെച്ച് തന്നെ നടക്കും.

582 ജനപ്രതിനിധികൾ 1857 സ്ഥാനാർത്ഥികൾ

ജില്ലയിൽ 23 ഗ്രാമപഞ്ചായത്തുകളുടെ 413 വാർഡുകളിലേക്കും 3 നഗരസഭകളുടെ 99 ഡിവിഷനുകളിലേക്കും 4 ബ്ലോക്ക് പഞ്ചായത്തുകളുടെ 54 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 582 ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്.

മത്സര രംഗത്ത് 1857 സ്ഥാനാർത്ഥികൾ

869 പുരുഷന്മാരും 988 വനിതകളും

ഗ്രാമപഞ്ചായത്തിലേക്ക് 1308, നഗരസഭയിലേക്ക് 323, ബ്ലോക്ക് പഞ്ചായത്തിലേക്ക് 171, ജില്ലാ പഞ്ചായത്തിലേക്ക് 55

ജനറൽ വാർഡുകളിൽ 737, സംവരണ വിഭാഗത്തിൽ 1120, വനിതാ സംവരണത്തിൽ 745, പട്ടികവർഗ സംവരണത്തിൽ 138 പട്ടികജാതി സംവരണം 59, പട്ടികജാതി വനിതാ സംവരണം 8 ഉം പട്ടികവർഗ വനിതാ സംവരണ വിഭാഗത്തിൽ 170 ഉം പേർ.

വോട്ടർമാർ

6,25,455 വോട്ടർമാർ. 3,05,915 പുരുഷന്മാരും 3,19,534 സ്ത്രീകളും 6 ട്രാൻസ്‌ജെൻഡർ
6 പ്രവാസി വോട്ടർമാർ.

നഗരസഭാ വോട്ടർമാർ 94,561. പുരുഷൻ 45,825 സ്ത്രീ 48736.

പോളിംഗ് സ്റ്റേഷനുകൾ

848 പോളിംഗ് സ്‌റ്റേഷനുകൾ

99 നഗരസഭാ ഡിവിഷനുകൾക്ക് 99 പോളിംഗ് സ്‌റ്റേഷനുകളും 413 ഗ്രാമപഞ്ചായത്ത് വാർഡുകൾക്ക് 749 പോളിംഗ് സ്‌റ്റേഷനുകളും

വെള്ളമുണ്ടയിലെ മൂന്നാം വാർഡ്, നൂൽപ്പുഴയിലെ 12ാം വാർഡ്, പുൽപ്പള്ളിയിലെ 15ാം വാർഡ് എന്നിവിടങ്ങളിൽ മൂന്ന് വീതം പോളിംഗ് ബൂത്തുകളുണ്ട്.


ഏറ്റവും കൂടുതൽ വോട്ടർമാർ മാനന്തവാടി നഗരസഭയിലെ താഴെയങ്ങാടിയിൽ 1466 പേർ.

ഏറ്റവും കുറവ് നൂൽപ്പുഴ പഞ്ചായത്തിലെ 12/2 സ്‌റ്റേഷനിൽ. 168 പേർ.

152 പ്രശ്നബാധിത ബൂത്തുകൾ

ജില്ലയിലെ 152 പ്രശ്നബാധിത ബൂത്തുകളിൽ 69 ൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. 83 പ്രശ്ന ബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി നടത്തും. സ്ഥാനാർത്ഥികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ സ്വന്തം ചെലവിൽ വീഡിയോഗ്രാഫി നടത്താൻ അനുമതി തേടാം.

പോളിംഗ് ഉദ്യോഗസ്ഥർ

32 വരണാധികാരികളും അത്രയും ഉപവരണാധികാരികളും. ആകെ 5090 പോളിംഗ് ഉദ്യോഗസ്ഥർ. 850 പേർ റിസർവ്വ് വിഭാഗത്തിൽ.
ഒരു ബൂത്തിൽ ഒരു പ്രിസൈഡിങ് ഓഫീസറും ഒരു ഫസ്റ്റ് പോളിങ് ഓഫീസറും രണ്ട് പോളിംഗ് ഓഫീസർമാരും ഒരു പോളിംഗ് അസിസ്റ്റന്റും ഉൾപ്പെടെ അഞ്ച് പേർ. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 60 സെക്ടർ ഓഫീസർമാർ.


വോട്ടിംഗ് മെഷീനുകൾ

ആകെ 1206 വോട്ടിംഗ് മെഷീനുകൾ. ത്രിതല പഞ്ചായത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമടങ്ങിയ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും നഗരസഭകളിൽ സിംഗിൾ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളും.

പ്രത്യേക പോസ്റ്റൽ ബാലറ്റ്

കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്തുന്നതിനുളള പ്രത്യേക വോട്ടർ പട്ടികയിൽ 6444 പേരെയാണ് ഇതുവരെ ഉൾപ്പെടുത്തിയത്. 1971 പോസിറ്റീവായവരും 4773 ക്വാറന്റീനിൽ കഴിയുന്നവരും. പി.പി.ഇ കിറ്റ് ഉൾപ്പെടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും താമസ സ്ഥലങ്ങളിലെത്തി ബാലറ്റ് പേപ്പറുകൾ നൽകുകയാണ് ചെയ്യുന്നത്. ഒരു പഞ്ചായത്തിൽ നാല് വാഹനങ്ങൾ വീതം സംഘങ്ങളുടെ യാത്രയ്ക്കായി നൽകി.
വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബർ ഒമ്പതിന് വൈകുന്നേരം മൂന്നു വരെ കൊവിഡ് ബാധിതരാകുന്നവരെയും ക്വാറന്റൈനിൽ കഴിയുന്നവരെയും പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ വഴിയാണ് വോട്ട് ചെയ്യാൻ അനുവദിക്കുക. മൂന്ന് മണിക്ക് ശേഷം പോസിറ്റീവാകുന്നവർക്ക് തിരഞ്ഞെടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറിൽ സുരക്ഷാക്രമീകരണങ്ങളോടെ ബൂത്തിലെത്തി വോട്ട് ചെയ്യാം.
സ്‌പെഷ്യൽ ബാലറ്റിനായി നേരിട്ടും വരണാധികാരിക്ക് അപേക്ഷ നൽകാം.

കൊവിഡ് പ്രതിരോധ നടപടികൾ

പോളിംഗ് ബൂത്തുകൾ അണുവിമുക്തമാക്കും. ഉദ്യോഗസ്ഥർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകും. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. ഓരോ ബൂത്തിലേക്കും 7 ലിറ്റർ വീതം സാനിറ്റൈസറാണ് നൽകുന്നത്.

പ്രത്യേക പരിഗണന

ഭിന്നശേഷിക്കാർ, രോഗബാധിതർ, 70 വയസ്സിന് മുകളിലുളള മുതിർന്ന പൗരൻമാർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാം.
കാഴ്ചപരിമിതർക്കും ശാരീരിക അവശതയുള്ളവർക്കും വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും. വോട്ടർ നിർദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. 18 വയസ്സ് പൂർത്തിയായിരി ക്കണം. സ്ഥാനാർത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല.

തിരിച്ചറിയൽ രേഖകൾ

തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, പുതിയ വോട്ടർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്.