
കോഴിക്കോട്: ഇനിയൊരു പ്രതാപകാലം കോൺഗ്രസിനില്ലെന്നും കോൺഗ്രസിലെയും മറ്റു പല പാർട്ടികളിലെയും നേതാക്കൾ വൈകാതെ ബി.ജെ.പിയിൽ ചേരുമെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് ഒരുക്കിയ 'മീറ്റ് ദ ലീഡർ" പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
മുസ്ലിം ലീഗിന് തീർത്തും കീഴടങ്ങിയിരിക്കെ കോൺഗ്രസിനെ ക്രൈസ്തവ വിഭാഗക്കാർ കൈയൊഴിയുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ വൻ മുന്നേറ്റമുണ്ടാക്കും. കേരളത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ മോദി ഭരണ മാതൃക പിന്തുടരുന്ന സർക്കാർ അധികാരത്തിലേറേണ്ടതുണ്ട്.
കൊവിഡ് വ്യാപനം അടങ്ങുന്നതോടെ വിദേശരാജ്യങ്ങളിലെ സാഹചര്യത്തിനനുസരിച്ച് പ്രവാസികളെ സഹായിക്കും. അതിനായുള്ള ശ്രമങ്ങൾ വിദേശകാര്യവകുപ്പ് തുടങ്ങിയതായി മുരളീധരൻ പറഞ്ഞു. കർഷക സമരം രാജ്യത്ത് എല്ലായിടത്തുമില്ല. ഇടനിലക്കാരുടെ ചൂഷണമില്ലാതെ കർഷകർക്ക് നേരിട്ട് വിളകൾ വില്ക്കാൻ അവസരമുറപ്പാക്കുന്നതാണ് പുതിയ നിയമം. ഇത് എങ്ങനെയാണ് കർഷകർക്ക് എതിരാവുകയെന്ന് മന്ത്രി ചോദിച്ചു.