
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ പ്രചാരണത്തിൽ പുതിയ തന്ത്രങ്ങളും പ്രചാരണ രീതികളും ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളും പാർട്ടികളും. കൊവിഡ് വെല്ലുവിളി ഉയർത്തിയ തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിലും തന്ത്രങ്ങളിലും ഏറെ വ്യത്യസ്തതകൾ ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വോട്ടിംഗ് ശതമാനം നോക്കിയായിരിക്കും പ്രചാരണത്തിലെ ചുവട് മാറ്റം. സോഷ്യൽ മീഡിയ പ്രചാരണം കൊഴുപ്പ് കൂട്ടുന്നുണ്ടെങ്കിലും കൊവിഡ് ഭീതിയിൽ വോട്ടർമാർ എത്രത്തോളം പോളിംഗ് ബൂത്തിൽ എത്തുമെന്ന കാര്യത്തിൽ ഇടത്-വലത് മുന്നണികൾക്കും എൻ.ഡി.എയ്ക്കും ഉറപ്പില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ വോട്ടിംഗ് ശതമാനം കുറയുകയാണെങ്കിൽ വീട് കയറിയുള്ള പ്രചാരണത്തിനും വോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മുന്നണികൾ കൂടുതൽ പ്രാധാന്യം നൽകും.
പുതിയ വോട്ടർമാരാകും വിധി നിർണയിക്കുകയെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. മുമ്പില്ലാത്ത വിധം സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം യുവാക്കളെ പോളിംഗ് ബൂത്തിലേക്കെത്തിക്കുമെന്നാണ് കരുതുന്നത്.
അതേസമയം മുതിർന്ന വോട്ടർമാർ വോട്ടുചെയ്യാനെത്തുമോ എന്നകാര്യത്തിലാണ് ആശങ്ക. വോട്ട് ചെയ്യാനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് തീയതി അടുത്തതോടെ ജില്ലയിൽ പ്രചാരണ വാഹനങ്ങൾ സജീവമായിട്ടുണ്ട്.