udf
കാലാവധി പിന്നിട്ട കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതിയ്ക്കെതിരെയുള്ള കുറ്റപത്രത്തിന്റെ പ്രകാശനം നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ നിർവഹിച്ചപ്പോൾ

കോഴിക്കോട്: നാലര പതിറ്റാണ്ടായി തുടരുന്ന കോഴിക്കോട് കോർപ്പറേഷൻ ഭരണം ഇടതിൽ നിന്ന് പിടിക്കാൻ അരയും തലയും മുറുക്കി യു.ഡി.എഫ്. കോർപ്പറേഷനെതിരായ സി ആൻഡ് എജിയുടെ കരട് റിപ്പോർട്ട് ആയുധമാക്കിയാണ് യു.ഡി.എഫ് പ്രചാരണം. കോർപ്പറേഷൻ ഭരണത്തിനെതിരെ കുറ്റപത്രം ഇറക്കിയാണ് യു.ഡി.എഫിന്റെ പടനീക്കം. അമൃത് പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റിയെ ഏൽപ്പിച്ച 46.320 കോടിയുടെ കുടിവെള്ള പദ്ധതി പ്രവൃത്തി വിലയിരുത്താനുള്ള സംവിധാനമില്ലെന്ന സി.എ.ജിയുടെ നിരീക്ഷണം യു.ഡി.എഫ് ചൂണ്ടിക്കാണിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ അപൂർണമായതിനാൽ സാമ്പത്തിക വർഷത്തെ ഓഡിറ്റ് പൂർത്തീകരിക്കാനും സാധിച്ചിട്ടില്ല.
അമൃത് പദ്ധതിയുടെ ഭാഗമായി എസ്.ടി.പി പ്രവൃത്തികളുടെ ഡി.പി.ആർ തയ്യാറാക്കാനുള്ള ഏജൻസിയെ തിരഞ്ഞെടുത്തത് ചട്ടങ്ങൾ മറികടന്നാണെന്ന് സി.എ.ജി റിപ്പോർട്ടിലുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീറും കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖും ആരോപിക്കുന്നു.സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനും കൺസൾട്ടൻസി ഉടമയും നഗരത്തിലെ സി.പി.എം എം.എൽ.എയും ചേർന്നുള്ള പങ്ക് കച്ചവടമാണ് നടന്നതെന്നും ഇരുവരും ആരോപിക്കുന്നു. ചട്ടവിരുദ്ധമായി പ്രവൃത്തി ഏൽപ്പിച്ച കമ്പനിയുടെ ഉദ്യോഗസ്ഥരുമൊത്ത് എൽ.ഡി.എഫ് നേതാക്കൾ കുടുംബയാത്ര നടത്തി. ഞെളിയൻ പറമ്പിലെ 12.67 ഏക്കർ സ്ഥലം പാട്ട വ്യവസ്ഥയിൽ കോർപ്പറേഷൻ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതിനായി കെ.എസ്.ഐ.ഡി.സിക്ക് കൈമാറിയിരുന്നു. ഇവിടുത്തെ വേസ്റ്റ് നീക്കം ചെയ്യാൻ 7.70 കോടി രൂപക്ക് സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിച്ചു.
2018-19 വർഷത്തിൽ മാത്രം സർക്കാർ കോഴിക്കോട് കോർപ്പറേഷന് അനുവദിച്ച 39.52 കോടി രൂപ ചെലവഴിക്കാതെ നഷ്ടമായി. വികസന ഫണ്ട് (ജനറൽ ) 10.63 കോടി, സി എഫ് സി 24.48 കോടി, മെയിന്റനൻസ് ഫണ്ട് (റോഡ്) 2.12 കോടി, മെയിന്റനൻസ് ഫണ്ട് (റോഡ്ഇതരം) 2.29 കോടി രൂപ എന്നിങ്ങനെയാണ് കോർപറേഷൻ നഷ്ടപ്പെടുത്തിയതെന്നാണ് യു.ഡി.എഫ് ആരോപണം. മഹിളാ മാളിലൂടെ വനിതകളെ വഞ്ചിച്ചെന്നും കോർപ്പറേഷനിൽ കൂട്ടിച്ചേർത്ത പഞ്ചായത്തുകൾ ഇന്നും രണ്ടാംകിട വാർഡുകളായി തുടരുകയാണെന്നും കുറ്റപത്രത്തിലൂടെ യു.ഡി.എഫ് ആരോപിക്കുന്നു.

 ക്രമക്കേടുകൾ അന്വേഷിക്കും

കോർപ്പറേഷനിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അമൃത് പദ്ധതിയിലെ ക്രമക്കേടുകളായിരിക്കും ആദ്യം അന്വേഷിക്കുകയെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സെപ്തംബറിൽ കൈമാറിയ സി.എ.ജി കരട് റിപ്പോർട്ടിന് കോർപ്പറേഷൻ അധികൃതർ മറുപടി നൽകിയിട്ടില്ലെന്ന് ഡോ. എം.കെ മുനീറും അഡ്വ.ടി സിദ്ദീഖും ആരോപിച്ചു. യു.ഡി.എഫ് നേതാക്കളായ അഡ്വ.പ്രവീൺ, അഡ്വ. പി.എം. നിയാസ്, കെ. ബാലനാരായണൻ, എം.സി. മായിൻ ഹാജി, ഉമർ പാണ്ടികശാല, എം.എ റസാഖ് എന്നിവരും പങ്കെടുത്തു.