കോഴിക്കോട്: ജില്ലയിലെ കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും വോട്ടു ചെയ്യാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക ബാലറ്റ് വിതരണത്തിന് ഇതിനോടകം ലഭിച്ചത് 2,200 പേരുടെ പട്ടിക. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, സ്‌പെഷ്യൽ പോളിംഗ് അസിസ്റ്റന്റ്, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങിയ ടീം പി.പി. ഇ കിറ്റ് ധരിച്ച് വീടുകളിലെത്തിയാണ് ബാലറ്റ് വിതരണം നടത്തുന്നത്.
ഇവർക്ക് പ്രത്യേകം വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ നൽകുന്ന സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരം സ്‌പെഷ്യൽ ബാലറ്റ് പേപ്പർ വിവിധ വരണാധികാരികൾക്ക് അയച്ചു കൊടുക്കുകയും പട്ടിക പ്രകാരം ബാലറ്റ് പേപ്പറുകൾ തയ്യാറാക്കി സ്‌പെഷ്യൽ പോളിംഗ് ഓഫീസർമാർക്ക് നൽകുകയുമാണ് ചെയ്യുന്നത്. ദുരന്ത നിവാരണ സെല്ലിൽ നിന്നും വരണാധികാരികൾക്ക് സാക്ഷ്യപ്പെടുത്തി അയച്ചുകൊടുക്കുന്ന പട്ടിക പ്രകാരമുള്ള ബാലറ്റ് വിതരണവും പുരോഗമിക്കുന്നുണ്ട്. 13ന് വൈകുന്നേരം 3 മണി വരെയാണ് പ്രത്യേക ബാലറ്റ് വിതരണം ചെയ്യുക.