udf

മുക്കം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് - വെൽഫെയർ പാർട്ടി കൂട്ടുകെട്ട് നാട്ടിൽ വിവാദമുയർത്തുമ്പോൾ മറുനാട്ടിൽ ഇരുകൂട്ടരുടെയും അനുഭാവികളിൽ നല്ലൊരു പങ്കും ആ അടുപ്പത്തിൽ വലിയ ആഹ്ളാദത്തിലാണ്. മുക്കം നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടിയുടെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ ഖത്തറിൽ 'അനുരാഗനാട് " എന്ന പേരിൽ സംഗമം സംഘടിപ്പിക്കുകയായിരുന്നു. ഈ ഓൺലൈൻ സംഗമത്തിൽ മുക്കം നഗരസഭയിലെ 17,18 ,19, 20, 21, 22, 23 വാർഡുകളിൽ മത്സരിക്കുന്ന യു.ഡി എഫ് - വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളും പ്രാദേശിക നേതാക്കളും പങ്കാളികളായി.

നാടിന്റെ വികസന സാദ്ധ്യതകൾ സംഗമത്തിൽ ചർച്ചയായതായി സംഘാടകർ പറയുന്നു. ഇത്രയും കാലം അകന്നു കഴിഞ്ഞ നാട്ടിലെ പ്രബല വിഭാഗങ്ങൾ ഐക്യപ്പെട്ട് തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുന്നതിലൂടെ പുതിയ ചരിത്രത്തിന് തുടക്കമാവുമെന്നും ഇവർ അവകാശപ്പെടുന്നു.

സ്ഥാനാർത്ഥികളായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, എ.അബ്ദുൽ ഗഫൂർ, റംല ഗഫൂർ, എം.മധു, ബബിത രാജീവൻ എന്നിവർ സംഗമത്തിൽ സംസാരിച്ചു. മുൻ കൗൺസിലർ റഫീഖ് മാടായി, കെ.പി. അഹമ്മദു കുട്ടി ,സുബൈർ കൊടപ്പന, കെ.പി.അബ്ദുസലാം, കുണ്ടിയോട്ട് സുലൈമാൻ ,മുനീർ താന്നികണ്ടി, റസാക്ക് ആയിപൊറ്റ , ബർക്കത്തുള്ള ഖാൻ ,എം.കെ.മുഹമ്മദ് കുട്ടി, ചാലക്കൽ മജീദ്, മോഡ മുഹമ്മദ്, ചക്കിങ്ങൽ അബ്ദുറഹ്‌മാൻ, ബൈജു കച്ചേരി, ആലി തൃക്കമ്പറ്റ, സാലി കൊടപ്പന, എം.കെ. മുഹമ്മദ്കുട്ടി, സി.കെ ഇബ്രാഹിംകുട്ടി , കെ.അഫ്സൽ, കെ.സഫീറുറഹ്‌മാൻ എന്നിവർ സംബന്ധിച്ചു.