election

കോഴിക്കോട്: പോളിംഗ് സ്‌റ്റേഷന് സമീപം പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷി പ്രവർത്തകർ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഷ്ട്രീയ കക്ഷി പ്രവർത്തകർക്ക് ബാഡ്ജുകളും തിരിച്ചറിയൽ കാർഡുകളും ഉണ്ടാകണം. രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ വോട്ടർമാരെ പോളിംഗ് സ്‌റ്റേഷനുകളിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.

വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളിൽ പോളിംഗ് സ്‌റ്റേഷനിൽ നിന്ന് 200 മീറ്റർ അകലത്തിലും നഗരസഭകളിൽ 100 മീറ്റർ അകലത്തിലും മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കാവൂ. സ്ഥാനാർത്ഥിയുടെ പേര്, ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ സ്ഥാപിക്കാം. പഞ്ചായത്തുകളിലും നഗരസഭകളിലും നിശ്ചയിച്ച ദൂരപരിധിക്കുള്ളിൽ നിന്ന് വോട്ടഭ്യർത്ഥിക്കാൻ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ പതിച്ച മാസ്‌ക് നിശ്ചിത പരിധിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല. പോളിംഗ് സ്‌റ്റേഷനുകളുടെ പുറത്ത് സ്ഥാനാർത്ഥികളോ പ്രവർത്തകരോ സ്ലിപ്പ് വിതരണം ചെയ്യുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ നിർബന്ധമായും കരുതണം. സ്ലിപ്പ് വിതരണത്തിന് രണ്ടുപേർ മാത്രം. സ്ലിപ്പ് വിതരണം ചെയ്യുന്നവർ മാസ്‌കും കൈയുറയും ധരിക്കണം. സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റുമാർ പത്തിൽ കൂടാൻ പാടില്ല. പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങൾ സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കണം. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥൻ, പ്രിസൈഡിംഗ് ഓഫീസർ, വെബ് കാസ്റ്റിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കൊഴികെ മൊബൈൽ ഫോൺ പോളിംഗ് സ്‌റ്റേഷനുള്ളിൽ കൊണ്ടുപോകാൻ അനുവാദമില്ല.

പോളിംഗ് സ്‌റ്റേഷനുകളിൽ ഭിന്ന ശേഷിക്കാർ, രോഗ ബാധിതർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് ക്യൂ ഇല്ലാതെ വോട്ട് ചെയ്യാം.