ele

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സംവരണം ഫിഫ്റ്റി ഫിഫ്റ്റിയാണെങ്കിലും ജനറൽ വാർ‌ഡിലുൾപ്പെടെ വനിതാ പ്രാതിനിധ്യം കൂടിയതോടെ നഗരം കൂടുതൽ സ്ത്രീ സൗഹൃദമാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ വോട്ടർമാർ. കോർപ്പറേഷൻ ഭരണ നേതൃത്വത്തിൽ സ്ത്രീകൾ മാറി മാറി വന്നെങ്കിലും സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങൾ പലതും വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. അതിലൊന്നാണ് ശുചിമുറികൾ. അനുദിനം വളരുന്ന നഗരത്തിൽ വൃത്തിയുള്ള ശുചിമുറിയില്ലാത്തത് സ്ത്രീകളെയും പെൺകുട്ടികളെയും ചെറുതായല്ല വട്ടംചുറ്റിക്കുന്നത്. ഉള്ളവയാകട്ടെ വൃത്തിയില്ലാത്തതും. മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും പാളയത്തും സ്ത്രീകൾക്ക് ശുചിമുറിയുണ്ട്. എന്നാൽ അതിന്റെ സമീപത്തൂടെ പോയാൽ തന്നെ ഓക്കാനം വരും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശുചിമുറി പുതിയതാണെങ്കിലും എന്നും ഇവിടെ 'നവീകരണ'മാണ്. അടച്ചിടൽ പതിവായതിനാൽ വിശ്വസിച്ച് അവിടേക്ക് പോകാനും കഴിയില്ല. നഗരത്തിന്റെ മുക്കിലും മൂലയിലും നിരവധി ഇ -ടോയ്‌ലറ്റുകൾ സ്ഥാപിച്ചിരുന്നു. ഉപഭോക്തൃ സൗഹൃദമല്ലാത്തതിനാൽ ആളുകൾ ഉപേക്ഷിച്ചു. ഓട്ടോമാറ്റിക് സംവിധാനത്തിൽ 'കുടുങ്ങി'യവർ പലരും ഭയത്തോടെയാണ് പിന്നീട് ഇ-ടോയ്ലറ്റിനെ കണ്ടത്. ഇത്തരം ടോയ്ലറ്റുകളുടെ സ്വകാര്യതയില്ലായ്മയും സ്ത്രീകളെ പിന്നോട്ടടിപ്പിച്ചു. സാനിറ്ററി പാഡ് വെന്റിംഗ് മെഷീനുകൾ സ്ഥാപിച്ച ടോയ്‌ലറ്റുകൾ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുണ്ട്. എന്നാൽ അതുപോലുള്ള സംവിധാനങ്ങളൊന്നും നഗരത്തിലില്ല. വിശ്രമ കേന്ദ്രങ്ങൾ, മുലയൂട്ടൽ സൗകര്യങ്ങൾ, വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ തുടങ്ങി എല്ലാകാലത്തും സ്ത്രീകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് അവഗണന മാത്രം. രാത്രിയിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ' എന്റെ കൂട് ' ഉണ്ടെങ്കിലും താഴെ തട്ടിലുള്ളവർക്ക് ഇതിന്റെ ഗുണഫലം കിട്ടാറില്ല. അതിനാൽ യാത്രകഴിഞ്ഞെത്തുന്ന സ്ത്രീകൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇരുന്ന് നേരം പുലർത്തേണ്ട അവസ്ഥയാണ്. ഇത്തവണ മേയർ വനിതയാണ്. സ്റ്റാന്റിംഗ് കമ്മിറ്രി ചെയറിലും കുറെ വനിതകൾ വരുമെന്ന് തീർച്ച. അതുകൊണ്ടു തന്നെയാവാം നഗരത്തിലെത്തുന്ന സ്ത്രീകളും പെൺകുട്ടികളും നഗരം സ്ത്രീ സൗഹൃദമാകുമോയെന്ന ചോദ്യം ഉന്നയിക്കുന്നത്.