കൽപ്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലയിൽ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 9 മുതൽ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ജില്ലയിൽ ഏഴ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂൾ, സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്‌കൂൾ, കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്‌കൂൾ, പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയാണ് ബ്ലോക്ക് വിതരണ കേന്ദ്രങ്ങൾ.

കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്‌കൂൾ, മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ബത്തേരി അസംപ്ഷൻ എച്ച്.എസ്. സ്‌കൂൾ എന്നിവയാണ് നഗരസഭകളുടെ വിതരണ കേന്ദ്രങ്ങൾ.

വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ വിതരണ കേന്ദ്രങ്ങളിൽ തന്നെ തിരികെ എത്തിക്കണം. ഇതേ കേന്ദ്രങ്ങളിൽ തന്നെയാണ് വോട്ടെണ്ണൽ നടക്കുക.

കൊവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ ആദ്യ 8 മിനിറ്റിൽ പ്രവേശിക്കുകയും അടുത്ത 5 മിനിട്ടിൽ ബാക്കി ഉള്ളവരുടെ ഹാജർ എടുക്കേണ്ടതുമാണ്.

പോളിംഗ് സാമഗ്രികളുടെ വിതരണം ഇപ്രകാരമാണ്.
രാവിലെ 9 മുതൽ 10 വരെ പഞ്ചായത്തുകളിലെ 1 മുതൽ 5 വരെയുളള വാർഡുകൾ, നഗരസഭകളിലെ 1 മുതൽ 6 വരെയുളള ഡിവിഷനുകൾ.
10 മണി മുതൽ 11 വരെ പഞ്ചായത്തുകളിലെ 6 മുതൽ 10 വരെയുളള വാർഡുകൾ, നഗരസഭകളിലെ 7 മുതൽ 12 വരെയുളള ഡിവിഷനുകൾ.
11 മണി മുതൽ 12 വരെ പഞ്ചായത്തുകളിലെ 11 മുതൽ 15 വരെയുളള വാർഡുകൾ, നഗരസഭകളിലെ 13 മുതൽ 18 വരെയുളള ഡിവിഷനുകൾ.
ഉച്ചയ്ക്ക് 12 മുതൽ 1 മണി വരെ പഞ്ചായത്തുകളിലെ 16 മുതൽ 25 വരെയുളള വാർഡുകൾ, നഗരസഭകളിലെ 19 മുതൽ 24 വരെയുളള ഡിവിഷനുകൾ.
1 മണി മുതൽ 2 വരെ നഗരസഭകളിലെ 25 മുതൽ 30 വരെയുളള ഡിവിഷനുകൾ.
2 മണി മുതൽ 3 വരെ നഗരസഭകളിലെ 31 മുതൽ 36 വരെയുളള ഡിവിഷനുകൾ.

ഒരു ബൂത്തിലേക്ക് ഇവ

ത്രിതല പഞ്ചായത്തിലെ ഒരു പോളിങ് ബൂത്തിലേക്ക് വിതരണം ചെയ്യുന്നത് വോട്ടിങ് യന്ത്രത്തിന്റെ ഒരു കൺട്രോൾ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമാണ്. നഗരസഭയിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റും. ഇവയ്ക്ക് പുറമേ ഓരോ പോളിങ് ബൂത്തിലേക്കും വിതരണം ചെയ്യുന്ന പോളിങ് സാമഗ്രികൾ ഇവയാണ്:
രണ്ട് ഗ്രീൻ പേപ്പർ സീൽ
രണ്ട് സ്ട്രിപ്പ് സീൽ
രണ്ട് സ്‌പെഷ്യൽ ടാഗ്
കൺട്രോൾ യൂണിറ്റുകളിലേക്കുള്ള രണ്ട് അഡ്രസ്സ് ടാഗ്
ബാലറ്റ് യൂണിറ്റുകളിലേക്കുള്ള അഡ്രസ്സ് ടാഗ്
കൈവിരലിൽ പുരട്ടുന്ന മഷി 5 മില്ലി ലിറ്റർ
വോട്ടർപട്ടികയുടെ കോപ്പി
സീലുകൾ 4 തരം 6 എണ്ണം
10 തരം കവറുകൾ രണ്ട് എണ്ണം വീതം
28 ഇനം സ്‌റ്റേഷനറി വസ്തുക്കൾ
24 തരം ഫോമുകൾ

ഓരോ ബൂത്തിലേക്കും ഏഴ് ലിറ്റർ സാനിറ്റൈസറും ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 18 എൻ95 മാസ്‌കുകളും 12 ജോഡി കയ്യുറകളും 6 ഫേസ്ഷീൽഡുകളും നൽകും.