കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ യുവാക്കളിൽ കൊവിഡ് വ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ആശങ്ക കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വന്ന പരിശോധനാ ഫലങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും യുവാക്കളാണ് . ജാഗ്രതാ നിർദ്ദേശങ്ങൾ യുവാക്കൾ പാലിക്കുന്നില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ഇന്നലെ കാരന്തൂർ എ.എം.എൽ.പി സ്ക്കൂളിൽ 181പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 23 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ലാബുകളിലെ കണക്കുകൾ ലഭ്യമായിട്ടില്ല. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്കിനേക്കാൾ കൂടുതലാണിത്. കുന്ദമംഗലത്ത് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കുന്ദമംഗലം അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് കലാശക്കൊട്ട് നിരോധിച്ചിരിക്കുകയാണ്. വീട് കയറിയുള്ള പ്രചാരണത്തിൽ വീട്ടുകാരും സ്ഥാനാർത്ഥികളും ജാഗ്രത പാലിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം കുന്ദമംഗലത്ത് കൊവിഡ് വ്യാപനം കൂടുമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ് .