സുൽത്താൻ ബത്തേരി : കർഷകർക്കും പാവങ്ങൾക്കും വേണ്ടി എന്നും നിലകൊള്ളുകയും ഒറ്റയാൾ സമരവുമായി രംഗത്തിറങ്ങുകയും ചെയ്തുവന്ന കുഞ്ഞുമുഹമ്മദ് ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഒറ്റയാൾ സമരം നടത്തി. ചെതലയം പോസ്റ്റ് ഓഫീസിന് മുന്നിലാണ് കർഷകരുടെ ഭാരത് ബന്ദിന് പിന്തുണയുമായി ഇന്നലെ ഉച്ചവരെ ഉപവസിച്ചത്.
കർഷക സമരം ഒത്തുതീർപ്പാക്കുക, വിവാദ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു ഉപവാസം.
പാചക വാതകത്തിന്റെയും മറ്റ് ഇന്ധനങ്ങളുടെയും വില വർദ്ധനവ് ജനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്ന ആഘാതം ഇനി കർഷകർക്കും ഉണ്ടാവുന്നതിനെതിരെയാണ് തന്റെ സമരമെന്ന് കുഞ്ഞു മുഹമ്മദ് പറയുന്നു.
ആൾകൂട്ട സമരങ്ങളിൽ നിന്ന് വിട്ടു നിന്ന് ഒറ്റയാൾ സമരങ്ങൾ നടത്തുകയാണ് കുഞ്ഞു മുഹമ്മദിന്റെ രീതി. ആളു കൂടിയാൽ പാമ്പ് ചാവുകയില്ലെന്ന് കേട്ടിട്ടില്ലേ എന്നാണ് ഇതിന് കാരണമായി പറയുന്നത്. കൂടുതൽ ആളുകൾ ഉണ്ടാകുമ്പോൾ പലതരം ആശയങ്ങളായിരിക്കും. മാത്രമല്ല. എന്ത് കാര്യം ചെയ്യുമ്പോഴും അത് സമയബന്ധിതമായി ചെയ്യണം. എല്ലാവരെയും കൂട്ടി വരുമ്പോഴേക്കും ചെയ്യേണ്ട പ്രവർത്തിയുടെ സമയം കഴിഞ്ഞിരിക്കും. അതോടെ അതിന്റെ ഗുണവും നഷ്ടപ്പെടും. ഇതുകൊണ്ടാണ് താൻ എന്നും ഒറ്റയാളായി പോകുന്നതെന്ന് കുഞ്ഞുമുഹമ്മദ്. പേര് പോലെ തന്നെ കുഞ്ഞുമുഹമ്മദ് ചെറുതാണെങ്കിലും പ്രവർത്തികൾ വലുതാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഫോട്ടോ --കുഞ്ഞു
ചെതലയം പോസ്റ്റ് ഓഫീസിന് മുന്നിൽ ഉപവാസമിരിക്കുന്ന കുഞ്ഞുമുഹമ്മദ്