1

കോഴിക്കോട്: ബ്ലാക്ക് ബോർഡുമായി ഷാജിനി ടീച്ചർ രാവിലെ വീട്ടിൽ നിന്നിറങ്ങും. ഓൺലൈൻ ക്ലാസിന്റെ ഷൂട്ടിംഗിനല്ല, കേന്ദ്ര സ‌ർക്കാർ നടപ്പാക്കിയ പദ്ധതികൾ എഴുതി പഠിപ്പിച്ച് വോട്ടുറപ്പിക്കാനാണ്. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 24-ാം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ഷാജിനി ടീച്ചറുടെ വോട്ട് പിടുത്തമാണ് നാട്ടിലിപ്പോൾ ഹിറ്റായിരിക്കുന്നത്. ബ്ലാക്ക് ബോർഡുമായി വീടുകളിലെത്തുന്ന സ്ഥാനാർത്ഥി കേന്ദ്ര സർക്കാർ പദ്ധതികൾ എഴുതി ക്ലാസ് റൂമിലെന്നപോലെ പഠിപ്പിച്ചുറപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം വ്യത്യസ്തമാകണമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം തൊട്ടേ മനസിലുറപ്പിച്ചിരുന്നതായി ഷാജിനി ടീച്ചർ പറയുന്നു. എന്നാൽ എങ്ങനെയെന്ന് ആലോചിച്ചപ്പോഴാണ് ടീച്ചറായി തന്നെയാവട്ടേയെന്ന് തീരുമാനിച്ചത്. കേന്ദ്ര സർക്കാരിന്റെ സുകന്യ സമൃദ്ധി യോജന, ജൻധൻ യോജന, പ്രധാനമന്ത്രി ആവാസ് യോജന, തുടങ്ങിയ പല പദ്ധതികളും ഇന്നും കേരളത്തിലെ വോട്ടർമാർക്ക് അറിയില്ല. ഒരു നോട്ടീസ് അടിച്ചു കൊടുത്താൽ പോരെ എന്ന് ചോദിച്ചാൽ ടീച്ചർ പറയും അത് വായിച്ചു കളഞ്ഞാൽ ആര് ഓർക്കാൻ. പക്ഷേ, എഴുതി പഠിപ്പിച്ചാൽ എന്നും വോട്ടർമാരുടെ മനസിലുണ്ടാകും. പ്രചാരണത്തിന് നല്ല പിന്തുണയാണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്നതെന്ന് ഈ കന്നിയങ്കക്കാരി പറയുന്നു. ചെറുവണ്ണൂർ സരസ്വതി വിദ്യാനികേതൻ സ്കൂളിലെ പ്രധാനാദ്ധ്യാപിക കൂടിയാണ് സ്ഥാനാർത്ഥി.