safi
അഡ്വ. കെ പി സുഫിയാനും സഹോദരൻ കെ പി സഫ്‌വാനും

കൊടിയത്തൂർ: ഇരട്ട സഹോദരൻമാർ ഒന്നിച്ച് വോട്ടിനിറങ്ങുമ്പോൾ വോട്ട‌ർമാർ ആകെ കൺഫ്യൂഷനിലാണ്. സ്ഥാനാർത്ഥി ആര് എന്ന് അറിയാത്ത അങ്കലാപ്പ്. ഞാനാണ് സ്ഥാനാ‌ർത്ഥിയെന്ന് ഇവരിലൊരാൾ ഉറപ്പിക്കുമ്പോഴാണ് ആളുകൾക്ക് ആശയക്കുഴപ്പം തീരുന്നത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പന്നിക്കോട്ട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ.കെ.പി സുഫിയാനാണ് ഇരട്ട സഹോദരൻ കെ.പി സഫ്‌വാനെയും കൂട്ടിയുള്ള വോട്ട് പിടുത്തത്തിലൂടെ ആളുകളെ 'വട്ടംകറക്കു'ന്നത്.

രൂപത്തിലും ഭാവത്തിലും മാത്രമല്ല സംസാരത്തിൽ പോലും അച്ചിട്ടതുപോലെയാണ്. കുട്ടിക്കാലം തൊട്ടേ നടത്തവും കിടത്തവുമെല്ലാം ഒരുമിച്ചാണ്. വോട്ട് പിടിത്തവും ഒരുമിച്ചായി. സൂഫിയാൻ എവിടെയുണ്ടോ അവിടെ സഫ്‌വാനും ഉണ്ടാവുമെന്ന് അറിയുന്ന നാട്ടുകാർ ഇരുവർക്കും മുത്തു, ടിപ്പു എന്ന ഓമനപ്പേരും നൽകിയിട്ടുണ്ട്.

സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കും വരെ മാറിപ്പോവുന്ന രൂപസാമ്യമുള്ളതിനാൽ രസകരമായ ഒരുപാട് അനുഭവങ്ങളും ഇവരുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കുട്ടിക്കാലത്ത് ഒരാൾ ചെയ്ത കുറ്റത്തിന് മറ്റേയാൾ ശിക്ഷ വാങ്ങുന്നത് സാധാരണമായിരുന്നു. മലയോര ഡിവിഷനായതിനാൽ സ്ഥാനാർത്ഥിയായ സുഫിയാന് എത്താൻ കഴിയാത്ത സ്ഥലങ്ങളിൽ സഫ്‌വാൻ വോട്ട് ചോദിച്ചാലും ആളുകൾക്ക് മനസിലാവില്ല. ഒരേ സമയം സ്ഥാനാർത്ഥി വീട് കയറുന്നതും കുടുംബ യോഗത്തിൽ പ്രസംഗിക്കുന്നതുമായ 'അത്ഭുതം' കണ്ടവർ എത്രയോയുണ്ട് വാർഡിൽ. കുറച്ചു കഴിഞ്ഞ് ഇരുവരും സ്കൂട്ടറിലിരുന്ന് കൈവീശി കാണിക്കുമ്പോഴാണ് കൺകെട്ടല്ലെന്ന് പലരും അറിയുന്നത്.