കൊടിയത്തൂർ: പ്രചാരണത്തിനായി പൊള്ളവാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നില്ല സൂഫിയാൻ. പകരം, ഒന്ന് ആവർത്തിച്ച് പറയുന്നുണ്ട്; നിങ്ങൾക്ക് കളങ്കിതനായി എന്നെ കാണേണ്ടി വരില്ല. നാടിനും നാട്ടാർക്കും ചീത്തപ്പേര് കേൾപ്പിക്കില്ല. മാറ്റം വരുത്താം. നമ്മൾ ഒന്നിച്ചുചേർന്ന്...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് പന്നിക്കോട് ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥിയായ യുത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.പി. സൂഫിയാൻ പ്രചാരണ പ്രവർത്തനങ്ങളിൽ സമീപനത്തിലും സംസാരത്തിലുമെല്ലാം വ്യത്യസ്തത സൃഷ്ടിച്ചാണ് മുന്നേറുന്നത്. മുതിർന്നവരെയെന്ന പോലെ പുതുവോട്ടർമാരെയും ഇതിലൂടെ ആകർഷിക്കുകയാണ് ഇദ്ദേഹം. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സൂഫിയാന്റെ കന്നിയങ്കമാണിത്.
കെ എസ് യു വിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ സൂഫിയാൻ പത്തു വർഷം മുമ്പ് നടന്ന യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ സംസ്ഥാന സമിതിയിലേക്ക് ഏറ്റവും കൂടുതൽ വോട്ട് നേടിയവരിൽ ഒരാളായിരുന്നു. കേരളത്തിലുടനീളം കോൺഗ്രസ് വേദികളിൽ എത്താറുള്ള ഇദ്ദേഹം യുവനിരയിലെ മികച്ച പ്രസംഗകൻ കൂടിയാണ്. നേരത്തെ കോഴിക്കോട് ഗവ. ലോ കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് വയനാട് പാർലമെന്റ് മണ്ഡലം പ്രവർത്തക സമിതി അംഗം, സംസ്ഥാന സമിതി അംഗം, യുത്ത് കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലയ്ക്കാത്ത പോരാട്ടം
അവകാശ സമരങ്ങളിൽ എന്നും നിറസാന്നിദ്ധ്യമാണ് സൂഫിയാൻ. പല സമരങ്ങളുമായി ബന്ധപ്പെട്ട് മുപ്പതിലേറെ കേസുകളിൽ പെട്ടിട്ടുണ്ട്. ഒരിക്കൽ ജയിൽവാസം അനുഭവിക്കേണ്ടിയും വന്നു.
ചെറുവാടി കൊടിയത്തൂർ ഭാഗങ്ങളിൽ മുൻവർഷങ്ങളിലെ പ്രളയകാലത്തു രക്ഷാപ്രവർത്തന രംഗത്ത് മുൻനിരയിലുണ്ടായിരുന്നു ഈ യുവനേതാവ്. നൽകി. പ്രളയാനന്തരം വീടുകൾ താമസയോഗ്യമാക്കുന്നതിന് രാഹുൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിലൂടെയും സുഫിയാൻ ശ്രദ്ധേയനായി. കൊവിഡ് വ്യാപനം ചെറുക്കാൻ വിശ്രമമറിയാതെ പ്രവർത്തിച്ചു. വിവിധ സംഘടനകളുമായും വ്യക്തികളുമായും ബന്ധപ്പെട്ട് ഗൾഫിൽ നിന്ന് പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനും അക്ഷീണം യത്നിച്ചിട്ടുണ്ട്.
എട്ടു വർഷമായി
ഹൈക്കോടതിയിൽ
കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നു നിയമപഠനം പൂർത്തിയാക്കിയ ശേഷം കുന്ദമംഗലം, താമരശ്ശേരി, കോഴിക്കോട് ബാറുകളിൽ സീനിയർ അഭിഭാഷകർക്ക് കീഴിൽ പ്രാക്ടീസ് ചെയ്തു. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ സി. ഉണ്ണികൃഷ്ണന്റെ കീഴിലായി. കഴിഞ്ഞ എട്ടു വർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്.
മലപ്പുറം ജില്ലയിൽ നാലുവരിപ്പാതയുടെ പേരിൽ കുടിയിറക്കപ്പെട്ടവർക്ക് വേണ്ടിയും കൊവിഡ് വ്യാപനത്തിന്റെ തുടക്കക്കാലത്തു നാട്ടിലെത്താൻ പ്രയാസപ്പെട്ട പ്രവാസി മലയാളികൾക്ക് വേണ്ടിയും ഹൈക്കോടതിയിൽ ഹാജരായിരുന്നു.
പാരമ്പര്യ
തിളക്കത്തിൽ
ചെറുവാടിയിലെ പൗരപ്രമുഖനായിരുന്ന കട്ടയാട്ട് അബ്ദു ഹാജിയുടെ മകൻ കട്ടയാട്ട് മുഹമ്മദ് ഹാജി എന്ന ബാപ്പുട്ടിയുടെയും കൊടിയത്തൂർ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് കെ.എം.മുഹമ്മദ് ഹാജിയുടെ മകൾ ഫാത്തിമയുടെയും മകനായി 1989 ലാണ് സൂഫിയാന്റെ ജനനം. 1958 ലെ കൈപൊക്കി തിരഞ്ഞെടുപ്പിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രഥമ ബോർഡിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അബ്ദു ഹാജിയും കെ.എം.മുഹമ്മദ് ഹാജിയും. ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു മുഹമ്മദ് ഹാജി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ നടന്നത്.
മുഹമ്മദ് ഹാജി കുന്ദമംഗലം ബ്ലോക്ക് ഡവലപ്പ്മെന്റ് അതോറിറ്റി ചെയർമാനായിരിക്കെയാണ് ചുള്ളിക്കാപറമ്പ് - ചെറുവാടി റോഡ്, തേനെങ്ങാപറമ്പ് റോഡ് എന്നിവയുടെ പണി പൂർത്തീകരിച്ചത്. അക്കാലത്ത് കൊടിയത്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുകിണറുകളും പൊതുകക്കൂസുകളും തീർത്തു. ലക്ഷം വീട് പദ്ധതി ഉൾപ്പെടെ ഇവിടെ നടപ്പാക്കിയിരുന്നു.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭാര്യാസഹോദര പുത്രൻ കൂടിയാണ് സൂഫിയാൻ.