nh
വടകര ദേശീയപാതയിൽ ഉണങ്ങി ദ്രവിച്ച തെങ്ങ്

വടകര: ദേശീയപാതയിൽ ഉണങ്ങി മണ്ടപോയ തെങ്ങ് ഭീഷണിയാകുന്നു. വടകര ശ്രീമണി ബിൽഡിംഗിന് വടക്കുഭാഗത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപത്തെ ഫുഡ്പാത്തിനോട് ചേർന്നാണ് റോഡിലേക്ക് വീഴാനായി നിൽക്കുന്ന തെങ്ങുള്ളത്. തലയ്ക്കു മുകളിലെ അപകടം ഗൗനിക്കാതെയാണ് ഓട്ടോറിക്ഷകൾ ഇവിടെ നിർത്തുന്നത്. ടൂവീലർ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവാണ്. നാരായണ നഗരം ഭാഗത്തെ ട്രാഫിക്ക് സിഗ്നലിൽ വാഹനങ്ങൾ കുരുങ്ങുമ്പോൾ കാൽനടക്കാർ റോഡ് മറികടക്കുന്നത് വീഴാറായ തെങ്ങിൻ ചുവട്ടിലൂടെയാണ്. നാഷണൽ ഹൈവേ അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസ് ഇതിന് എതിർവശത്താണെങ്കിലും ഉണങ്ങി ദ്രവിച്ച് ഭീഷണിയായി നിൽക്കുന്ന തെങ്ങ് ഓഫീസിന്റെ ശ്രദ്ധയിലും പെട്ടിട്ടില്ല. ദേശീയപാതയ്ക്ക് അരികിലെ മണ്ണൊലിച്ച് ഗർത്തമായത് കാണാത്തവർ എങ്ങനെ തലയിൽ വീഴാൻ നിൽക്കുന്ന തെങ്ങ് കാണുമെന്നാണ് നാട്ടുകാരുടെ ചോദ്യം.