elaction
ഒഞ്ചിയം ഭാഗത്ത് മഴയിൽ കുതിർന്ന തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ

വടകര: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലേക്ക് മഴ വില്ലനായി എത്തിയതോടെ പോസ്റ്ററുകളും ചുമരെഴുത്തുകളും നനഞ്ഞു കുതിർന്നു. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഉച്ചഭാഷിണികളും പ്രകടനങ്ങളും ഒഴിവാക്കിയുള്ള പ്രചാരണത്തിന് കൊഴുപ്പേകിയത് സ്ഥാനാർത്ഥികളുടെ ബഹുവർണ പോസ്റ്ററുകളായിരുന്നു. നാട്ടുവഴികളിലെവിടെയും പോസ്റ്ററുകളുടെ വർണകാഴ്ചയായിരുന്നു.സ്ഥാനാർത്ഥികളുടെ ചിത്രവും ചിഹ്നവും വ്യക്തമാക്കുന്ന പോസ്റ്ററുകൾ നാലാൾ കൂടുന്ന കവലകളിലെല്ലാം നിരന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇടിവെട്ടി പെയ്ത മഴയിൽ തോരണമെല്ലാം നനഞ്ഞ് താഴെവീണു. മരത്തിലും കവലകളിലും പോസ്റ്ററുകൾ തൂക്കിയ ചരട് മാത്രമാണ് അവശേഷിപ്പായുള്ളത്. വൃശ്ചികത്തിൽ വിരുന്നെത്തിയ മഴ തിരഞ്ഞെടുപ്പ് പ്രചാരണത്തെ മാത്രമല്ല നനച്ചത്. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ പാടത്തും പറമ്പിലും വിത്തെറിഞ്ഞവർക്കും ഭീഷിണിയായി.