സുൽത്താൻ ബത്തേരി: ജില്ലയിൽ ഇന്ന് തദ്ദേശ തിരഞ്ഞടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് അതിർത്തികളിൽ പൊലീസ് ഇന്നലെ മുതൽ പരിശോധന കർശനമാക്കി. അതിർത്തി പ്രദേശത്തുള്ള തമിഴ്നാട്ടിലെ മദ്യ ഷാപ്പുകൾ തിരഞ്ഞടുപ്പ് കഴിയുന്നതുവരെ അടച്ചിട്ടു.

തമിഴ്നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക് കടന്നുവരുന്ന യാത്ര വാഹനങ്ങളും ചരക്കു വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് കടത്തി വിടുന്നത്.
താളൂർ, പാട്ടവയൽ, നമ്പ്യാർകുന്ന് എന്നിവിടങ്ങളുലെ മദ്യ ഷാപ്പുകളാണ് തിരഞ്ഞെടുപ്പ് കാരണം കഴിഞ്ഞ ദിവസം മുതൽ അടച്ചിട്ടത്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് തമിഴ്നാട് ജില്ലാ കലക്ടർ അതിർത്തിയിലെ മദ്യഷാപ്പ് അടയ്ക്കാൻ ഉത്തരവിട്ടത്.

തമിഴ്നാടിന് പുറമെ കർണാടക അതിർത്തിയിലും പൊലിസും എക്‌സൈസും പരിശോധന കർശനമാക്കി. വനമേഖലയോട്‌ ചേർന്ന പ്രദേശങ്ങളിൽ സേന പ്രത്യേക നിരീക്ഷണമാണ് നടത്തുന്നത്. ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി നില നിൽക്കുന്നതിനാൽ വനമേഖലയോട്‌ ചേർന്ന പോളിംഗ് ബൂത്തുകൾക്ക് പ്രത്യേക കാവലുണ്ട്.
വനമേഖലയോട്‌ ചേർന്ന് സ്ഥിതി ചെയ്യുന്ന ചെട്ട്യാലത്തൂർ, കല്ലൂർ രാജീവ് ഗാന്ധി റസിഡൻഷ്യൽ സ്‌കൂൾ, മുത്തങ്ങ സ്‌കൂൾ, പൊൻകുഴി എന്നീ വനാതിർത്ഥികളിലെ ബൂത്തുകൾക്കാണ് പ്രത്യേക കാവലേർപ്പെടുത്തിയിരിക്കുന്നത്. ഇവക്ക് പുറമെ ബത്തേരി മേഖലയിൽ 11 ബൂത്തുകൾ സെൻസിറ്റീവ് ബൂത്തുകളാണ്. നൂൽപ്പുഴ ചീരാലിൽ ആറ് ബൂത്തുകളും മൂലങ്കാവ് കല്ലൂർ എന്നിവിടങ്ങളിൽ രണ്ട് വീതം ബൂത്തുകളും ബീനാച്ചിയിൽ ഒരു ബൂത്തുമാണ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.


ഫോട്ടോ--പോലീസ്
തമിഴ്നാട് അതിർത്തിയിൽ പരിശോധന നടത്തുന്ന പൊലീസ്