സുൽത്താൻ ബത്തേരി: വടക്കനാട് ഈച്ചക്കുന്ന് ശിവക്ഷേത്ര കുളത്തിൽ അമ്പത്തിയേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവയൽ മാമ്പളൂർ ചന്ദ്രന്റെ ഭാര്യ വിലാസിനിയെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രദർശനത്തിനായി എത്തിയ ഇവർ കാൽ കഴുകുന്നതിനോ മറ്റോ കുളത്തിന്റെ സമീപമെത്തിയപ്പോൾ കാൽ വഴുതി കുളത്തിൽ വീണതാകാമെന്നാണ് കരുതുന്നത്.
ഇന്നലെ കാലത്ത് പത്ത് മണിയോടെയാണ് ക്ഷേത്ര ദർശനത്തിനായി ഭർത്താവ് ഇവരെ ക്ഷേത്രത്തിന് സമീപം ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് വിട്ടത്. ദർശനത്തിന് ശേഷം വീട്ടിലേക്ക് പോയ്ക്കോളാൻ പറഞ്ഞ് ഭർത്താവ് ഓട്ടോയുമായി ബത്തേരിക്ക് പോയി. ഉച്ചയായിട്ടും ഭാര്യയെ കാണാത്തതിനെ തുടർന്ന് ക്ഷേത്രത്തിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചു. ക്ഷേത്രകുളത്തിന് സമീപത്ത് നിന്ന് ഒരു ചെരുപ്പ് ലഭിച്ചതോടെ കുളത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകീട്ട് എഴ് മണിയോടെയാണ് ബത്തേരിയിൽ നിന്നെത്തിയ അഗ്നി രക്ഷസേന മൃതദേഹം കുളത്തിൽ നിന്ന് കണ്ടെടുത്തത്. സരിത, സനിത എന്നിവർ മക്കളാണ്.