ബാലുശ്ശേരി: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതൽ സ്ഥാനാർത്ഥികളുടെ ചിത്രം നിറഞ്ഞ പോസ്റ്ററുകൾ ഒട്ടിക്കുന്ന തിരക്കിലാണ് യുവാക്കൾ. എന്നാൽ ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലെയും യുവാക്കൾ വോട്ട് ചോദിച്ചും സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തിയുമുള്ള പോസ്റ്ററുമായല്ല ചുമരുകൾ തേടി പോകുന്നത്, കൊവിഡിനെതിരെ കരുതലിന്റെ അക്ഷരങ്ങളാണ് ഇവരുടെ പോസ്റ്ററുകളിൽ. ബാലുശ്ശേരിയിലെ ജനകീയ ആരോഗ്യ സമിതി ( ജാസ് ) പ്രവർത്തകരാണ് കൊവിഡ് ജാഗ്രത കൈവിടാതിരിക്കാൻ 'ഇലക്ഷൻ കാലത്ത് ഇരട്ടി ജാഗ്രത കൊവിഡ് ഡബിൾ കെയർ കാംപയിനുമായി ജനങ്ങളിലേക്ക് എത്തുന്നത്. ബാലുശ്ശേരിയിലെ തിരക്കേറിയ മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും ജാസ് പ്രവർത്തകർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു മാസക്കാലം ഒരു കൊവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. മാസങ്ങൾക്ക് മുമ്പേ ജനങ്ങളെയും കച്ചവടക്കാരെയും ബോധവൽക്കരിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു ഈ കൂട്ടായ്മ.