വടകര: തിരഞ്ഞെടുപ്പ് കാലത്ത് പുതിയ കലാകാരൻമാർ രംഗത്തെത്തുക പതിവാണ്. ചുവരെഴുത്തിൽ തുടങ്ങി മെഗഫോൺ പ്രചാരണവും കടന്ന് പ്രസംഗകലയിൽ പ്രാഗത്ഭ്യം നേടിയവർ, പാരടിയിൽ തുടങ്ങി ഗായകരായവർ... എന്നാൽ സാങ്കേതിക വിദ്യയിൽ ചുവടുറപ്പിച്ച് ഷോട്ട് ഫിലിമിലൂടെ പെരുമനേടിയിരിക്കുകയാണ് ഒഞ്ചിയത്ത് ഒരുകൂട്ടം യുവാക്കൾ. പഞ്ചായത്തിന്റെ പിന്നിട്ട പത്തു വർഷത്തെ വികസന കഥ പറയുന്ന 'കൊപാന' എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചാണ് ഇവരുടെ രംഗപ്രവേശം. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആർ.എം.പി ഭരിക്കുന്ന ഒഞ്ചിയം പഞ്ചായത്തിലെ വികസന നേട്ടങ്ങൾ നാട്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് സർഗ്ഗാത്മകമായി അവതരിപ്പിക്കുന്നത്. റിജിൽരാജിന്റെ തിരക്കഥയ്ക്ക് നാഥനാണ് സംവിധാനം നിർവഹിച്ചത്.കാമറ രാജീവ് അഴിയൂർ, ശബ്ദ സംവിധാനം നിധി പ്ലഗ് ഇൻ, സംഗീതം ശ്രീജിത്ത് കെ, മേക്കപ്പ് ഷിജുലാൽ, എഡിറ്റിംഗ് ലതീഷ് പാലയാട് .