കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയൊരുങ്ങി. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
848 പോളിങ്ങ് ബൂത്തിലായി രാവിലെ 7 മുതൽ വൈകീട്ട് 6 വരെ വോട്ടെടുപ്പ് നടക്കും. 6,25,455 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അർഹരായിട്ടുള്ളത്.
ഇന്നലെ വൈകീട്ട് മൂന്ന് മുതൽ ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കൊവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീനിൽ പ്രവേശിക്കുന്നവർക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. പ്രത്യേക വോട്ടർ പട്ടികയിൽ ഉൾപ്പെട്ട, ഇന്നലെ വൈകുന്നേരം 3 വരെയുള്ള കൊവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും പോസ്റ്റൽ ബാലറ്റാണ്.
ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളിൽ നിന്ന് ബൂത്തുകളിലേക്കായി പോളിങ് ഉദ്യോഗസ്ഥർ വിതരണ സാമഗ്രികൾ ഏറ്റുവാങ്ങി. രാവിലെ 9 മുതൽ വൈകീട്ട് 3 വരെയായിരുന്നു പോളിങ്ങ് സാമഗ്രികളുടെ വിതരണം.
കൊവിഡ് പശ്ചാത്തലത്തിൽ തിരക്കുകൾ ഒഴിവാക്കാൻ വാർഡ് അടിസ്ഥാനത്തിലായിരുന്നു പോളിങ് സാമഗ്രികളുടെ വിതരണം.
935 കൺട്രോൾ യൂണിറ്റും 2820 വോട്ടിങ്ങ് യന്ത്രങ്ങളാണ് ഗ്രാമ പഞ്ചായത്തുകളിലേക്കായി സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭയിൽ 271 കൺട്രോൾ യൂണിറ്റും 311 ബാലറ്റ് യൂണിറ്റുകളുമാണ് സജ്ജീകരിച്ചത്.