
കോഴിക്കോട്: നിയമസഭയുമായി ബന്ധപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വൻഅഴിമതിയും ധൂർത്തും കാട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നിർമ്മാണ പ്രവൃത്തികൾക്ക് സഭയിൽ കണക്ക് അവതരിപ്പിക്കേണ്ടതില്ലെന്ന പരിരക്ഷ ഉപയോഗപ്പെടുത്തിയാണ് കോടികളുടെ അഴിമതിയെന്ന് ചെന്നിത്തല പറഞ്ഞു. സഭാ ചട്ടമനുസരിച്ച് മറ്റു നടപടികൾ സ്വീകരിക്കാൻ കഴിയാത്തതിനാൽ ഗവർണർ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
നാലര വർഷത്തിനിടെ നിർമ്മാണ പ്രവൃത്തികൾക്കും വിവിധ പരിപാടികൾക്കുമായി നൂറ് കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. പ്രവൃത്തികൾക്ക് ടെൻഡർ ഇല്ലാതെ കരാർ നൽകുകയായിരുന്നു. രേഖകളുടെ പിൻബലത്തിലാണ് ഇതെല്ലാം പറയുന്നതെന്ന് ചെന്നിത്തല അവകാശപ്പെട്ടു.
2018ൽ ലോക കേരള സഭയുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ ചടങ്ങുകൾക്കായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത് 1.84 കോടി രൂപ ചെലവഴിച്ചാണ്. ടെൻഡറില്ലാതെ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് നൽകുകയായിരുന്നു. 2020ൽ വീണ്ടും ലോക കേരള സഭ ചേരുന്നതിന് മുന്നോടിയായി 16. 65 കോടിയുടെ നവീകരണ പ്രവൃത്തി നടത്തി. 12 കോടി രൂപ കൈമാറി. ഇപ്പോൾ ഈ ഹാൾ അടച്ചിട്ടിരിക്കുകയാണ്.
നിയമസഭ കടലാസ് രഹിതമാക്കാനെന്ന പേരിൽ 52. 31 കോടി ചെലവാക്കി. മൊബിലൈസേഷൻ അഡ്വാൻസ് ഇനത്തിൽ 13.53 കോടി രൂപ കൈമാറിയിട്ടുണ്ട്. പാലാരിവട്ടം പാലം കേസിൽ ഇബ്രാഹിം കുഞ്ഞ് എം.എൽ.എയ്ക്കെതിരായ പരാതി മൊബിലൈസേഷൻ അഡ്വാൻസ് നൽകി എന്നതായിരുന്നു.
ഫെസ്റ്റിവൽ ഒഫ് ഡെമോക്രസി അഴിമതിയുടെ ഉത്സവമായിരുന്നു. ആറു പരിപാടികൾക്ക് പദ്ധതിയിട്ടെങ്കിലും കൊവിഡ് കാരണം രണ്ടെണ്ണമായി. ഇതിനു മാത്രം രണ്ടേകാൽ കോടി രൂപയാണ് ചെലവഴിച്ചത്. അഞ്ചു പേർക്ക് കരാർ നിയമനം നൽകി. പരിപാടി കഴിഞ്ഞ് രണ്ട് വർഷമായിട്ടും ഇവർ ഇപ്പോഴും പ്രതിമാസം 30,000 രൂപ ശമ്പളത്തിൽ തുടരുകയാണ്.
സഭാ ടി.വിയ്ക്കായി സ്വകാര്യ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നൽകിയതിലും കരാർ നിയമനങ്ങളിലും അഴിമതിയുണ്ട്. ഇ.എം.എസ് സ്മൃതി സ്ഥാപിക്കുന്നതിന് 87 ലക്ഷം ചെലവിട്ടു. വിവാദമായപ്പോൾ പ്രവൃത്തി നിറുത്തിവെച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ഏറെ ഗൗരവമുള്ളതാണ്. സ്പീക്കറുടെ വിദേശയാത്രകൾ ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കർക്ക് ഇന്ന് വിശദ മറുപടി
മലപ്പുറം: വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സ്പീക്കർക്കെതിരെ താൻ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറം പ്രസ് ക്ലബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ പറഞ്ഞു. സ്പീക്കറുടെ മറുപടി കേട്ടപ്പോൾ വിടവാങ്ങൽ പ്രസംഗംപോലെ തോന്നി. ദുർബലമായ വാദങ്ങളായിരുന്നു.ആരോപണങ്ങൾക്ക് മറുപടി പറഞ്ഞില്ല. വ്യക്തിഹത്യ നടത്തുന്നുവെന്ന സ്പീക്കറുടെ പരാതിക്ക് ഇ.ഡി മറുപടി നൽകട്ടെ. സ്പീക്കർക്ക് ഇന്ന് കണ്ണൂരിൽ വിശദമായ മറുപടി നൽകും.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്ക് ജയിലിലുണ്ടായ ഭീഷണിയെക്കുറിച്ച് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. ഭീഷണിപ്പെടുത്തിയ ഉന്നതൻ ആരെന്ന ചോദ്യത്തിന് മറുപടി തരുന്നില്ല. മാദ്ധ്യമവാർത്തകൾ പ്രകാരം ഭരണഘടനാപദവിയുള്ള ഒരാളാണെന്നാണ് വിവരം.
ഇ.ഡിയുടെ നോട്ടീസ് കിട്ടിയശേഷം മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി തുടർച്ചയായി ആശുപത്രിയിലാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.