c-lot-h
അഴിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന ശേഖരിച്ച പാഴ്‌ത്തുണികൾ കയറ്റിയ വാഹനം ചോമ്പാൽ എസ്.എച്ച്.ഒ ടി.എൻ സന്തോഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്യുന്നു

വടകര: അഴിയൂരിലെ ഹരിത കർമ്മ സേന പ്രവർത്തകർ കൊവിഡ് കാലത്ത് വീടുകളിൽ നിന്ന് പാഴ്‌ത്തുണികൾ ശേഖരിച്ച് ശാസ്ത്രിയമായി സംസ്കരിച്ച് മാതൃക കാട്ടി. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 1600 ലധികം വീടുകളിൽ നിന്നായി 15 ടൺ പാഴ്‌ത്തുണികളാണ് ശേഖരിച്ചത്. ഇതിൽ 6 ടൺ തുണികൾ കോഴിക്കോട് കേന്ദ്രമായി മാലിന്യ നിർമാർജ്ജന രംഗത്ത് പ്രവർത്തിക്കുന്ന ഗ്രീൻ വേർമ്സ് സ്ഥാപനത്തിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയിലേക്ക് കയറ്റി അയച്ചു. തുണി കയറ്റിഅയച്ച വണ്ടിയുടെ ഫ്ളാഗ് ഓഫ് ചോമ്പാൽ സി.ഐ ടി.എൻ സന്തോഷ് കുമാർ നിർവഹിച്ചു. പഞ്ചായത്തിനോ, ഹരിതകർമ്മ സേനയ്ക്കോ യാതൊരു ചെലവും ഇല്ലാതെയാണ് പാഴ് ത്തുണികൾ ശേഖരിച്ച് കയറ്റിഅയച്ചത്. ഡിസംബർ ഒന്ന് മുതൽ 8 വരെ വീടുകളിലെത്തിയാണ് തുണികൾ ശേഖരിച്ച് ഷെഡ്രിംഗ് യൂണിറ്റിൽ എത്തിച്ചത്. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹരിത കർമ്മ സേന ലീഡർ എ.ഷിനി, ഗ്രീൻ വേർമ്സ് കോഴിക്കോട് പ്രൊജക്ട് കോ ഓർഡിനേറ്റർ എ.കെ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. ശേഖരിച്ച ബാക്കി തുണി അടുത്ത ദിവസം തന്നെ കയറ്റി അയക്കുമെന്ന് ഹരിത കർമ്മ സേനാംഗങ്ങൾ അറിയിച്ചു.