പയ്യോളി:കോഴിക്കോട്- കണ്ണൂർ ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട് നാല് മണിയോടെ പയ്യോളി മൂരാട് ഓയിൽ മില്ലിന് സമീപമാണ് അപകടം. കണ്ണൂർ ഭാഗത്തു നിന്ന് ചെങ്കല്ല് കയറ്റി വന്ന കെ.എൽ 59 ഇ.271ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവർ ഇർഷാദിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷിച്ചത്. ഹൈഡ്രോളിക് ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്റ്റിയറിംഗും ഡോറും മുറിച്ചു മാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വടകര ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ വി.പി.ജഗതീഷ്, പയ്യോളി സി.ഐ എം.പി.ആസാദ്, എ.എസ്.ഐ.സി.കെ വിനോദൻ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.