കുന്ദമംഗലം : മുഴുവൻസമയ രാഷ്ട്രീയക്കാരനായി മാറാൻ കഴിഞ്ഞില്ലെന്നതിൽ സങ്കടമില്ലാതില്ല. എന്നാൽ, ആ നിലയിലല്ലാതെയും തികഞ്ഞ ജനസേവകനാവാൻ കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് അറിയപ്പെടുന്ന ബിസിനസുകാരനായ ചോയിമഠത്തിൽ ബൈജു.
വിദ്യാർത്ഥി സംഘടനാ പ്രവർത്തന രംഗത്ത് ചുവടുറപ്പിച്ചപ്പോൾ തന്നെ നല്ലൊരു രാഷ്ട്രീയക്കാരനായി വളരണമെന്ന മോഹമായിരുന്നു ഇദ്ദേഹത്തിന്റേത്. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കവെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. പത്താം ക്ലാസ് പൂർത്തിയാക്കിയതിനു പിറകെ ബിസിനസിലേക്ക് ചേക്കേറേണ്ടി വന്നു. പക്ഷേ, അപ്പോഴും സാമൂഹിക സേവന പ്രവർത്തനങ്ങൾ കൈവിട്ടില്ല. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായി. റസിഡന്റ്സ് അസോസിയേഷന്റെ സാരഥിയുമായി. ഇന്നിപ്പോൾ കുന്ദമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ബൈജു ജനവിധി തേടുന്നത് വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തോടെയാണ്. കുന്ദമംഗലത്തെ പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറിയാണ് ഇദ്ദേഹം. ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനിടയ്ക്ക് ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടു പ്രളയകാലത്തും നിരവധി കുടുംബങ്ങൾക്ക് അത്താണിയായി. ലോക്ക് ഡൗണിൽ നാടും നഗരവും നിശ്ചലമായപ്പോഴും ബൈജുവിന് വിശ്രമമില്ലായിരുന്നു. പണിയില്ലാതെ വരുമാനം നിലച്ച നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ കീഴിലെ വിവിധ സ്ഥാപനങ്ങളിലെ കച്ചവടക്കാർക്ക് അടിയന്തര ധനസഹായം വിതരണം ചെയ്തു. കച്ചവടക്കാർക്ക് ഇൻഷുറൻസ് ലഭ്യമാക്കി. 2002 ൽ വ്യാപാരി വ്യവസായി സമിതി യൂണിറ്റ് മെമ്പറായി തുടങ്ങിയ ഇദ്ദേഹം പിന്നീട് കുന്ദമംഗലം ഏരിയാ സെക്രട്ടറിയായി ഉയർന്നു. ഇപ്പോൾ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. കൈരളി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായ ഇദ്ദേഹം സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സജീവ പ്രവർത്തകനുമാണ്. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഇദ്ദേഹം മുൻകൈയെടുത്താണ് ചാത്തമംഗലത്ത് 'ഡയറക്ഷൻ പോയിന്റ് " എന്ന പേരിൽ വോളിബാൾ കോച്ചിംഗ് സെന്റർ തുടങ്ങിയത്. വിവിധ മത്സര പരീക്ഷകൾക്കായി നിർധന വിദ്യാർത്ഥികൾക്ക് കായികക്ഷമത ഉറപ്പാക്കുന്നുമുണ്ട് സെന്ററിലൂടെ. ഏതാണ്ട് 150 കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുന്നു. സർവീസിൽ നിന്ന് വിരമിച്ച മിലിറ്ററി ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശീലനം ലഭ്യമാക്കുന്നത്. നിരവധി വിദ്യാർത്ഥികൾക്ക് ഇത് പ്രോത്സാഹമായിട്ടുണ്ട് . ദേശീയതലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചവർ ഏറെയാണ്.
ചോയിമഠത്തിൽ ഗോപാലൻ - കമല ദമ്പതികളുടെ മകനാണ് ബൈജു. ഭാര്യ: രജുന. മക്കൾ: അലീന, അർജുൻ ഗോപാലൻ.