1
മിഠായി തെരുവിൽ കടയിൽ വിൽപ്പനക്കായി തൂക്കിയിട്ട നക്ഷത്രങ്ങൾ

വിപണിയിലെ താരം കൊറോണ നക്ഷത്രം

കോഴിക്കോട്: പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ക്രിസ്മസിനെ വരവേല്ക്കാൻ കോഴിക്കോടൻ വിപണി സജീവം. പുൽക്കൂടും സാന്താക്ലോസും,എൽ ഇ ഡി സ്​റ്റാറുകളുമടക്കം ചെറുതും വലുതുമായ കടകളെല്ലാം ദിവസങ്ങൾക്ക മുൻപേ സജീവമായിരുന്നു. പക്ഷേ കൊറോണ സാഹചര്യത്തിൽ വാങ്ങാൻ എത്തുന്നവരുടെ വലിയ തിരക്കില്ലെന്ന് മാത്രം.

വില അല്പം കൂടുതലാണെങ്കിലും കൊവിഡ് വൈറസിന്റെ രൂപത്തിലുള്ള നക്ഷത്രമാണ് ഇത്തവണ വിപണിയിലെ താരം. 850 രൂപയാണ് ഇതിന്റെ വില. ക്രിസ്മസ് പപ്പയുടെ വർണത്തിലുള്ള മാസ്ക്കും വിപണിയിലുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇവ ധരിക്കാം. 240 രൂപ മുതൽ 1300 രൂപയാണ് വില.

എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് 150 മുതൽ 500 രൂപവരെയാണ് വില. വ്യത്യസ്ത നിറങ്ങളിൽ പ്രകാശിക്കുന്നവയ്ക്കാണ് ഏറെ ഡിമാന്റ്. എട്ട് ഡിസൈൻ,12 ഡിസൈൻ വരെ ലേസർ ടൈപ്പുമുണ്ട്.

പല വലിപ്പത്തിലുള്ള പുൽക്കൂടുകൾക്ക് 100 രൂപ തൊട്ടാണ് വില ആരംഭിക്കുന്നത്.

ക്രിസ്മസ് ട്രീകൾക്ക് 550, 900, 4000 എന്നിങ്ങനെയാണ് വില.

10 രൂപ മുതൽ 300 രൂപ വരെയുള്ള കടലാസ് നക്ഷത്രങ്ങളും വിപണിയിൽ ഉണ്ട്.

കടലാസ് നക്ഷത്രങ്ങളെക്കാൾ എൽ.ഇ.ഡി സ്റ്റാറുകൾക്കാണ് ഇത്തവണയും ഡിമാൻഡ്. വലിപ്പവും ടൈപ്പും അനുസരിച്ചാണ് ഇവയുടെ വില. ലൈറ്റുകൾ, ബലൂണുകൾ, തൊപ്പികൾ അലങ്കാര ദീപങ്ങൾ എന്നിവയ്ക്കൊപ്പം മണികളും മുന്തിരിവള്ളികളും ചെണ്ടകളും വിവിധ വർണ്ണങ്ങളിലുള്ള ബോളുകളും വിപണി കയ്യടക്കുന്നുണ്ട്.

കൊവിഡ് മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടഞ്ഞുകിടക്കുന്നത് വിപണിയെ ബാധിച്ചിട്ടുണ്ട്.

"കരോൾ, ക്രിസ്മസ് മത്സരങ്ങൾ, പള്ളികളിലെ ആഘോഷങ്ങൾ തുടങ്ങിയവ ഇല്ലാത്തത് വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ്. തിരഞ്ഞെടുപ്പിന് ശേഷം കച്ചവടം ഉഷാറാകുമെന്ന പ്രതീക്ഷയിലാണ്.

കച്ചവടക്കാരൻ