കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മൂന്നു മുന്നണികളും ആവേശക്കൊടുമുടിയിൽ. പൊരിഞ്ഞ പോരിന് നടുവിൽ കൊവിഡ് മാനദണ്ഡങ്ങൾ പൊതുവെ മറന്നുപോവുകയാണ് പ്രവർത്തകരുടെ കൂട്ടങ്ങൾ. ഇന്ന് വൈകിട്ട് കൊട്ടിക്കലാശത്തോടെ ആഴ്ചകൾ നീണ്ട കാമ്പയിനിന് കൊടിയിറങ്ങും.
വോട്ടർമാരുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ അവസാന റൗണ്ട് ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. തന്ത്രങ്ങളും മറുതന്ത്രങ്ങളും ഇലക്ഷൻ വാർ റൂമുകളിൽ നിറഞ്ഞു കവിയുകയാണ്.
പ്രചാരണത്തിലുടനീളം കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടും അതൊന്നും പാലിക്കപ്പെടുന്നില്ല. മിക്ക സ്ഥാനാർത്ഥികളും വീടുകൾ കയറിയിറങ്ങുന്നത് കൂട്ടമായാണ്. മാസ്‌കും ഫേസ് ഷീൽഡും മറ്റും ധരിക്കുന്നത് അപൂർവം സ്ഥാനാർത്ഥികൾ മാത്രം. ഒപ്പമുള്ളവരുടെ കാര്യവും മറ്റൊന്നല്ല. ഇത്തരം ആൾക്കൂട്ടങ്ങൾ ആരോഗ്യ വകുപ്പിനെ വല്ലാതെ ആശങ്കയിലാക്കുന്നുണ്ട്
വീടുകൾ കയറിയുള്ള വോട്ടുതേടലിന് പരമാവധി ഊന്നൽ നൽകിയിട്ടുണ്ട് മൂന്നു മുന്നണിക്കാരും. മിക്ക സ്ഥാനാർത്ഥികളും ഇതിനകം പലവട്ടം വീടുകൾ കയറി. ഡിജിറ്റൽ പ്രചാരണ രീതികൾ നന്നായി പയറ്റുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ മുക്കിലും മൂലയിലും വരെ അനൗൺസ്‌മെന്റ് വാഹനങ്ങളും എത്തുന്നു. ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളുടെ വാഹനപര്യടനത്തിനിടെ ബൈക്ക് റാലിയും പാട്ടും മേളവുമൊക്കെ അകമ്പടിയായുണ്ട്. നേതാക്കളും സ്ഥാനാർത്ഥികളും വൈകുന്നേരങ്ങളിൽ ഫേസ് ബുക്ക് പേജിലൂടെ ലൈവ് പ്രസംഗങ്ങളുമായി സജീവമാണ്. ആനിമേഷനോടെയുള്ള കാമ്പയിനിനു പുറമെ വെർച്വൽ റാലിയും മറ്റും പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ സജീവമായി. കുടുംബയോഗങ്ങൾ, ബൂത്ത് കൺവെൻഷനുകൾ, പൊതുയോഗങ്ങൾ തുടങ്ങിയവയുമായി എല്ലായിടത്തും ആവേശം പടർത്താൻ എൽ.ഡി.എഫ്, യു.ഡി.എഫ് നിരയെന്ന പോലെ എൻ.ഡി.എയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അനൗൺസ്‌മെന്റ് വാഹനങ്ങൾ ഉപയോഗിച്ച് പരമാവധി പ്രദേശങ്ങളിൽ കോർണർ മീറ്റിംഗുകൾ പൂർത്തിയാക്കാനുള്ള യജ്ഞമാണ് ഇപ്പോൾ. ഇതിനായി യുവജന - വിദ്യാർത്ഥി സംഘടനാ നേതാക്കളെ പ്രത്യേകം നിയോഗിച്ചിരിക്കുകയാണ്.