
കൊയിലാണ്ടി: സ്വർണക്കടത്തുകാരെ സഹായിച്ചെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തയ്യാറാകുമോയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
സ്പീക്കർക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കേണ്ട കാര്യം ബി.ജെ.പിയ്ക്കില്ല. സ്വർണക്കടത്തുകാരുമായി ബന്ധപ്പെട്ട ആരോപണത്തിൽ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുമായി സ്പീക്കർക്കുള്ള ബന്ധം അന്വേഷണത്തിൽ പുറത്തുവരും.
നിയമസഭാ മന്ദിരത്തിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് വലിയ അഴിമതിക്ക് സ്പീക്കർ കൂട്ടുനിന്നു. അധിക തുകയ്ക്ക് കരാർ നൽകി കമ്മിഷൻ അടിക്കുകയാണ് സി.പി.എം നേതാക്കൾ. ടെൻഡർ മാനദണ്ഡമില്ലാതെ കരാറുകൾ നൽകിയത് അഴിമതിയാണ്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ തുക മുൻകൂർ നൽകിയതു പോലെയാണ് നിയമസഭ ഹാൾ നിർമ്മാണത്തിലും സംഭവിച്ചത്.
സി.എം രവീന്ദ്രന്റെ രോഗം എന്തെന്ന് മനസ്സിലാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. പ്രധാനപ്പെട്ട കേസിന്റെ അന്വേഷണത്തിൽ ആരോഗ്യ വകുപ്പ് വഴി മുടക്കുകയാണ്.