പുൽപ്പള്ളി: തിരഞ്ഞെടുപ്പിന്റെ തലേന്ന് ആദിവാസി കോളനികളിൽ മദ്യോത്സവം. ചേകാടി വിലങ്ങാടി കോളനിയിൽ യുവാവ് മദ്യ ലഹരിയിൽ തൂങ്ങി മരിച്ചു. കോളനിയിലെ രാജൻ (30) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളനിയിൽ മദ്യത്തിന്റെ ഒഴുക്കായിരുന്നെന്ന് കോളനിവാസികൾ പറയുന്നു.

വോട്ട് ചെയ്ത് മടങ്ങിയെത്തി വൈകുന്നേരത്തോടെയാണ് രാജൻ കോളനിയിൽ തൂങ്ങി മരിച്ചത്.

വനത്തോട് ചേർന്ന് കിടക്കുന്ന കോളനിയിലേക്ക് കർണാടകയിൽ നിന്നാണ് ചിലർ മദ്യം കോളനിവാസികൾക്കെത്തിച്ച് കൊടുത്തതെന്ന് പറയപ്പെടുന്നു. കർണാടകയോടെ ചേർന്ന് കിടക്കുന്ന പ്രദേശത്താണ് കോളനി. കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിൽ പണിക്കുപോയ പലരും വോട്ടുചെയ്യാൻ മടങ്ങിയെത്തിയിരുന്നു. ഇത്തരക്കാരെയാണ് മദ്യം ധാരാളമായി കഴിച്ചതിനെത്തുടർന്ന് അവശരായി കാണുന്നത്.

മദ്യം കൊണ്ടുവരുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം നൽകിയെങ്കിലും കാര്യമായ അന്വേഷണം നടത്തിയില്ലെന്നും പരാതിയുണ്ട്.