നാദാപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ചേലക്കാട്ട് മുസ്ലിം ലീഗിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുസ്ലിം ലീഗ് ഔദ്യോഗിക സ്ഥാനാർഥി എം.സി. സുബൈറിനു വേണ്ടി എസ്. ടി .യു നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലക്കാട് ടൗണിൽ പ്രചാരണയോഗം നടക്കുന്നതിനിടെ ലീഗ് വിമത സ്ഥാനാർഥി പി.കെ ഹമീദിന്റെ
പ്രചാരണ വാഹനം ടൗണിലെത്തി. ചേലക്കാട് മെയിൻ റോഡിൽ നിന്നു പോക്കറ്റ്
റോഡിലേക്ക് കടക്കുകയായിരുന്ന ഈ വാഹനം എസ്. ടി. യു. പ്രവർത്തകർ തടഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പൊലീസ് ലാത്തിവീശി പ്രവർത്തകരെ വിരട്ടി ഓടിക്കുകയാണുണ്ടായത്.
മുസ്ലിം ലീഗ് നേതൃത്വവുമായി ഇടഞ്ഞ് നില്കുന്ന നൂറോളം പേർ ദിവസങ്ങൾക്കു മുമ്പ് രാജി വെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മുസ്ലിം ലീഗിലെ രണ്ടു ഗ്രൂപ്പിൽ പെട്ട സ്ഥാനാർത്ഥികൾ തമ്മിലാണ് ഇവിടെ മുഖ്യമത്സരം.