|
കടലുണ്ടി : കേരള രാഷ്ട്രീയത്തിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് ഐക്യജനാധിപത്യ മുന്നണിയെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എങ്ങനെയെങ്കിലും കര പറ്റാൻ കഴിയുമോ എന്ന നോട്ടത്തിൽ ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് ഇക്കൂട്ടർ മുക്കൂട്ടുമുന്നണിയുണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. കടലുണ്ടിയിലെ ഇടച്ചിറയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു പന്ന്യൻ. ബിജെപിക്കും യു.ഡി.എഫിനും കേരളത്തിൽ ഇപ്പോൾ ഒരേ സ്വരമാണ്. അവർ നുണപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ബി.ജെ.പി സർക്കാർ പെട്രോളിനും പാചകവാതകത്തിനും ദിവസേന വിലകൂട്ടി ജനജീവിതം ദുസ്സഹമാക്കുന്നു. ജനങ്ങളെ അന്നമൂട്ടുന്ന കർഷകജനതയെ ശത്രു സൈന്യത്തെപ്പോലെയാണ് അവർ നേരിടുന്നത്. ഭരണനേട്ടങ്ങൾ നേരിട്ടറിഞ്ഞ കേരളത്തിലെ ജനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അഡ്വ.പി. ഗവാസ്, ഒ. ഭക്തവത്സലൻ എന്നിവർ സംസാരിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ, എം.ചായിച്ചുട്ടി, നരിക്കുനി ബാബുരാജ്, പിലാക്കാട്ട് ഷൺമുഖൻ, എൻ.വി ബാദുഷ തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ രാധാ ഗോപി സ്വാഗതം പറഞ്ഞു. |