
കോഴിക്കോട്: നാളുകൾ നീണ്ട പരസ്യ പ്രചാരണം കഴിഞ്ഞ് പോളിംഗ് ബൂത്തിലേക്ക് കടക്കാൻ ഒരുനാൾ ശേഷിക്കെ കോഴിക്കോട് കോർപ്പറേഷനിൽ മുന്നണികൾ മൂന്നുപേരും പ്രതീക്ഷയുടെ കൊടുമുടിയിലാണ്. നാലര പതിറ്റാണ്ടായി തുടരുന്ന ഭരണം നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും എൻ.ഡി.എയും ശക്തമായ പ്രചാരണമാണ് നടത്തിയത്.
ബി.ജെ.പി പിടിക്കുന്ന വോട്ടുകളും നേടുന്ന സീറ്റുകളും കോർപ്പറേഷനിൽ നിർണായകമാകും. യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഉണ്ടാക്കിയ മുന്നേറ്റവും ബി.ജെ.പി യു.ഡി.എഫ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയതുമാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഭൂരിപക്ഷം നേടി കൊടുത്തത്. സാഹചര്യം മാറിയിട്ടില്ലെന്ന് എൽ.ഡി.എഫും ലോക്സഭയിലെ നേട്ടം ചൂണ്ടിക്കാട്ടി യു.ഡി.എഫും വിജയം അവകാശപ്പെടുന്നു. ഇരുമുന്നണിളെയും ആശങ്കയിലാക്കുന്ന പ്രചാരണമാണ് എൻ.ഡി.എ നടത്തിയത്.
തുടർഭരണത്തിന് എൽ.ഡി.എഫ്
ഭരണം തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കാര്യമായ ഭരണവിരുദ്ധവികാരം ഇല്ലെന്നാണ് വിലയിരുത്തൽ. എൽ.ജെ.ഡിയുടെ മുന്നണി പ്രവേശത്തോടെ രാഷ്ട്രീയമായി മേൽക്കൈ നേടാനായെന്നും കരുതുന്നു. നഗരത്തിൽ നടന്ന വികസന പ്രവർത്തനങ്ങളും കൊവിഡ്, പ്രളയ പ്രതിരോധ പ്രവർത്തനങ്ങളും ലൈഫ് പദ്ധതിയുമെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം. രാഷ്ട്രീയ പോരാട്ടം കനത്തപ്പോൾ യു.ഡി.എഫിന്റെ വെൽഫെയർപാർട്ടി സഖ്യത്തിനെതിരെ ശക്തമായ പ്രചാരണം എൽ.ഡി.എഫ് നടത്തി. യു.ഡി.എഫിലെ വിള്ളലുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയുമുണ്ട്. സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം പരമാവധി ഡിവിഷനുകളിൽ വിജയിക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് കോട്ടകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ ഇറക്കി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ബേപ്പൂർ ഭാഗത്ത് കഴിഞ്ഞ തവണ മൂന്ന് ഡിവിഷൻ നേടിയ ബി.ജെ.പിയെ പരാജയപ്പെടുത്താനുറച്ചാണ് എൽ.ഡി.എഫ്. എലത്തൂരിൽ കാര്യമായ വെല്ലുവിളിയില്ലെന്നും നല്ലളം ഭാഗത്തും മികച്ച നേട്ടം ഉണ്ടാക്കമെന്നും കരുതുന്നു. അതേസമയം കോഴിക്കോട് നഗരത്തിൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നതെങ്കിലും വിജയം കൈവിടില്ലെന്നാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം.
പിടിച്ചെടുക്കാൻ യു.ഡി.എഫ്
ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്. കോർപ്പറേഷനിലെ അഴിമതിയും സ്വർണക്കടത്തുൾപ്പെടെയുള്ള സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങളും മുൻനിർത്തിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. കഴിഞ്ഞ തവണ കൈവിട്ട മുസ്ലിം വോട്ട് ബാങ്ക് തിരിച്ചുപിടിക്കാമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. നാലര പതിറ്റാണ്ടായി തുടരുന്ന ഇടത് ഭരണത്തിനെതിരായ വികാരം നിലനിൽക്കുന്നുണ്ടെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. സിറ്റിംഗ് സീറ്റുകൾ നിലനിറുത്തുന്നതിനൊപ്പം കഴിഞ്ഞ തവണ കൈവിട്ട കോട്ടകൾ തിരിച്ചുപിടിക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നത്. നഗരത്തിലും തീരദേശങ്ങളിലും മുന്നേറ്റമുണ്ടാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ഉമ്മൻചാണ്ടി തുടങ്ങിയ സംസ്ഥാന നേതാക്കളെ രംഗത്തിറക്കിയായിരുന്നു പ്രചാരണം കൊഴുപ്പിച്ചത്.
ഞെട്ടിക്കാൻ ബി.ജെ.പി
കഴിഞ്ഞ തവണത്തെ ഏഴ് സീറ്റ് വിജയം ബി.ജെ.പിയ്ക്ക് കോർപ്പറേഷനിൽ ലഭിച്ച ഊർജം ചെറുതല്ല. 40 സീറ്റുകളിൽ ശക്തമായ പ്രചാരണമാണ് എൻ.ഡി.എ നടത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിലാണ് കോർപ്പറേഷനിൽ പ്രചാരണം ഏകോപിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, സുരേഷ്ഗോപി, പി.കെ. കൃഷ്ണദാസ് തുടങ്ങിയ സംസ്ഥാന നേതാക്കളും പ്രചാരണത്തിനെത്തി. നിലവിലെ സീറ്റുകൾ നിലനിർത്തുകയും കൂടുതൽ സീറ്റുകൾ നേടുകയുമാണ് എൻ.ഡി.എയുടെ ലക്ഷ്യം. നഗരത്തിലും ബേപ്പൂരിലുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. നഗരത്തിൽ കടുത്ത ത്രികോണ മത്സരം കാഴ്ചവെയ്ക്കാൻ ബി.ജെ.പിയ്ക്കായി. കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിയും പി.എം.എ.വൈ പദ്ധതിയും ശബരിമല ആചാര സംരക്ഷണ പോരാട്ടവും സ്വർണക്കടത്തുമെല്ലാം ഓർമിപ്പിച്ചായിരുന്ന പ്രചാരണം.