uakhader

കോഴിക്കോട്: തൃക്കോട്ടൂർ ദേശത്തിന്റെ പെരുമ പറഞ്ഞ് മലയാളി ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേ‌ടിയ പ്രിയ കഥാകാരൻ യു.എ. ഖാദർ വിടവാങ്ങി. വാക്കുകളിൽ വടക്കൻ പാട്ടിന്റെ താളം നിറച്ച് കഥപറഞ്ഞ ഖാദർ 85ാം വയസിലാണ് യാത്രയായത്.

ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം.സംസ്കാരം ഇന്ന് നടക്കും.

മലയാളിയായ പിതാവ് മൊയ്തീൻ കുട്ടി ഹാജിയുടെയും മ്യാൻമർ സ്വദേശി മാമൈദിയുടെയും മകനായി 1935ൽ കിഴക്കൻ മ്യാൻമറിലെ ബില്ലിൻ എന്ന ഗ്രാമത്തിലായിരുന്നു യു.എ.ഖാദറിന്റെ ജനനം. ഖാദർ ജനിച്ച് മൂന്നാം ദിവസം അമ്മ മരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഖാദറിന്റെ ഏഴാം വയസിലാണ് അച്ഛന്റെ നാടായ കൊയിലാണ്ടിയിൽ എത്തുന്നത്. കൊയിലാണ്ടി ഗവൺമെന്റ് ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഒഫ് ആർട്‌സിൽ ചിത്ര കലാപഠനം നടത്തിയെങ്കിലും പൂർത്തിയാക്കിയില്ല.

ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവ.ജനറൽ ആശുപത്രിയിലും ജോലി ചെയ്ത ഖാദർ 1990ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു,

കാവും തെയ്യവും നാട്ടാചാരങ്ങളും ഖാദറിന്റെ രചനകളിൽ നിറഞ്ഞു നിന്നു. 1984ൽ 'തൃക്കോട്ടൂർ പെരുമ'യ്‌ക്ക് കേരള സാഹിത്യ അക്കാഡമി അവാർഡും തൃക്കോട്ടൂർ നോവെല്ലകൾ എന്ന സമാഹാരത്തിന് 2009ൽ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡും ലഭിച്ചു. എസ്.കെ പാെറ്റെക്കാട്ട് അവാർഡ്, പത്മപ്രഭ പുരസ്കാരം, അബുദാബി ശക്തി അവാർഡ് എന്നിവയും ലഭിച്ചു.

തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ,​ മേശവിളക്ക്, കലശം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം എന്നിവ ഉൾപ്പെടെ 70 ലേറെ കൃതികൾ രചിച്ചു. ആത്മകഥാംശമുള്ള കുറിപ്പുകളുടെ സമാഹാരമാണ് ‘ഖാദർ എന്നാൽ’.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിൽ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റായിരുന്നു.

കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിനു സമീപം ‘അക്ഷര’ത്തിലായിരുന്നു താമസം. ഫാത്തിമാ ബീവിയാണ് ഭാര്യ.മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന,സുലേഖ .മരുമക്കൾ:കെ.സലാം, സഗീർ അബ്ദുള്ള, സുബൈദ, ഷെറീഫ്, റാഹില.