കാട്ടിക്കുളം: വന്യമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ കാവൽ ഇരിക്കുന്നതിന് നിർമ്മിച്ച ഏറുമാടം തകർന്ന് ആറു പേർക്ക് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ എളമ്പിലാശ്ശേരി വയലിൽ ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.
ഏറ്മാടത്തിൽ കാവൽ ഇരുന്നവർക്കാണ് പരിക്ക് പറ്റിയത്.
തിരുനെല്ലി അപ്പപ്പാറ മുഹമ്മദലി മുക്കിലെ ചെറുമാത്തൂർ
കോളനിയിലുള്ള രാമൻ (14), പാർസി കോളനിയിലെ നവീൻ (25), വിജീഷ് (23), കൈക്കുളം കോളനിയിലെ ദിപേഷ് അനൂപ് (25), കൈക്കുളം കോളനിയിലെ കറുപ്പൻ എന്ന സുരേഷ് (31), കണ്ണൻ (25) എന്നിവർക്കാണ് പരിക്കേറ്റത്.

നിസ്സാര പരിക്കേറ്റ നവീൻ, ദിപേഷ് അനുപ്, വിജീഷ്, കണ്ണൻ എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു.

തുടയുടെ അസ്ഥി പൊട്ടി സാരമായ പരിക്കേറ്റ രാമനെ കോഴിക്കോട് മെഡിക്കൽ കോളേജിലും നട്ടെല്ലിന് പരിക്കേറ്റ കൈക്കുളം കോളനിയിലെ സുരേഷിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും വിദഗ്ധ ചികിൽസക്കായി എത്തിച്ചു.

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രണ്ടേക്കർ സ്ഥലത്ത് ഇവർ ആറ് പേർ ചേർന്ന് കൃഷി ഇറക്കിയിരുന്നു. പതിനഞ്ച് ദിവസത്തിനകം കൊയ്യാൻ
പാകമായ നെല്ലിനായിരുന്നു ഇവർ കാവൽ കിടന്നിരുന്നത്. ഇതിന് ഇടയിലാണ് അപകടം സംഭവിച്ചത്. രണ്ട് മീറ്റർ ചുറ്റളവിലുള്ള ഏറുമാടം കവുങ്ങിൽ നിർമ്മിച്ചതായിരുന്നു. അഞ്ച് മീറ്ററോളം ഉയരത്തിൽ കവുങ്ങിന്റെ പലക കൊണ്ട് നിർമ്മിച്ച ഏറുമാടത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു.