തിരുവമ്പാടി: പുസ്തകങ്ങളിലൂടെ മാത്രം പരിചയമുണ്ടായിരുന്ന തൃക്കോട്ടൂർ പെരുമക്കാരനെ കാണാനും സംവദിക്കുവാനും കഴിഞ്ഞതിന്റെ ഓർമ്മ ഓളംവെട്ടുകയാണ് തിരുവമ്പാടിയിലെ ഒരുകൂട്ടം വിദ്യാർത്ഥികളുടെ മനസിൽ.സാംസ്കാരിക സംഘടനയായ ആവാസിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി വേദിയിലെ കുട്ടികളാണ് യു.എ.ഖാദറിനെ കോഴിക്കോട് പൊക്കുന്നിലുള്ള വീട്ടിലെത്തി കണ്ടത്. മൂന്നു വർഷം മുമ്പ് ഒരു ഒക്ടോബറിലായിരുന്നു കൂടിക്കാഴ്ച. "മനുഷ്യന് എഴുത്തുകാരന്റെ മനസുണ്ടെങ്കിൽ എന്ത് ജോലിത്തിരക്കുണ്ടെങ്കിലും മനസിലുള്ളത് എഴുതുവാൻ സമയം കണ്ടെത്തുമെന്നും നേരിട്ടറിയുന്ന ഏതിനെയും തന്റെ സൃഷ്ടികളിൽ വരച്ച് കാട്ടുവാൻ ശ്രമിക്കു"മെന്നും അന്ന് യു.എ.ഖാദർ പറഞ്ഞത് കുട്ടികൾ ഇന്നും ഓർത്തെടുക്കുന്നു. തൃക്കോട്ടൂർ പെരുമയിൽ മലബാറിലെ അനുഷ്ഠാന കലകളായ തെയ്യം,തിറ തുടങ്ങിയവ ഇടം നേടിയത് എഴുത്തുകാരന്റെ ഉള്ളിൽ തട്ടിയതിനാലാണെന്നും വളരുന്ന തലമുറ വായനയിലേക്ക് തിരിച്ച് വരണമെന്നുമുള്ള കഥാകാരന്റെ ഉപദേശം ഇന്നലെകളിൽ പറഞ്ഞതുപോലെ കുട്ടികൾ പങ്കുവയ്ക്കുകയാണ്. യു.എ.ഖാദറിന്റെനിര്യാണത്തിൽ ആവാസ് വിദ്യാർത്ഥിവേദി അനുശോചിച്ചു.