കോഴിക്കോട്: ആവേശം അലയടിച്ച പരസ്യ പ്രചാരണങ്ങൾക്കും അതിരുവിട്ട വാക്ക് പോരുകൾക്കും ഒടുവിൽ ജില്ലയിൽ തിരഞ്ഞെടുപ്പാവേശത്തിന് ഇന്നലെ സമാപനം. ഇനി നിശബ്ദ പ്രചാരണം. കൊട്ടിക്കലാശം അതിരുകടന്നപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ പലയിടത്തും ലംഘിക്കപ്പെട്ടു. കുറ്റിച്ചിറയിൽ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി.ജില്ലയിൽ കൊട്ടിക്കലാശത്തിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് പ്രകാരം മൂന്ന് വാഹനങ്ങളിൽ കൂടുതൽ കൊട്ടിക്കലാശത്തിന് ഇറങ്ങിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. എന്നാൽ മിക്കയിടത്തും നിർദ്ദേശം കടലാസിൽ മാത്രമായി.
നിയന്ത്രങ്ങൾ പാലിച്ചും ലംഘിച്ചും ആവേശമേറിയ പ്രചാരണമാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും നടത്തിയത്. പ്രചാരണ ദിനങ്ങളിൽ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കാളികളായി. യു.ഡി.എഫും എൻ.ഡി.എയും കൂടുതൽ നേതാക്കളെ പ്രചാരണത്തിനെത്തിച്ചു. എന്നാൽ പ്രാദേശികമായ പ്രചാരണ പരിപാടികളായിരുന്നു എൽ.ഡി.എഫിന്റെ തന്ത്രം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് അടുത്തതോടെ പഴയപടിയായി.
യു.ഡി.എഫ്-ആർ.എം.പി.ഐ സഖ്യമുണ്ടാക്കി മത്സരിക്കുന്ന വടകര ഭാഗങ്ങളിൽ കൊട്ടിക്കലാശം പ്രവർത്തകർ ആഘോഷമാക്കി. ഏറെ ചർച്ചചെയ്യപ്പെട്ട വെൽഫെയർ പാർട്ടി - യു.ഡി.എഫ് ബന്ധം മുക്കത്ത് സംയുക്ത ബൈക്ക് റാലിയോടെ തുറന്നുകാട്ടി. കുറ്റിച്ചിറയിൽ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ടൗൺ പൊലീസ് എത്തി സംഘർഷം നിയന്ത്രിച്ചു.
വടകരയിൽ ജനകീയമുന്നണി ചോമ്പാല ഡിവിഷൻ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം റോഡ് ഷോ നടത്തി. ചോമ്പാല ഹാർബറിൽ നിന്നും ആരംഭിച്ച സ്ഥാനാർത്ഥികളുടെ റോഡ് ഷോ യാത്ര എരിക്കിൻചാലിൽ സമാപിച്ചു. കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.
എ.വി സനീതിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ബിന്ദുരാമത്ത്, ബ്ളോക്ക് സ്ഥാനാർത്ഥി കോട്ടയിൽ രാധാകൃഷ്ണൻ,പി ബാബുരാജ്, കവിത അനിൽകുമാർ, പ്രദീപ് ചോമ്പാല, ഇ.ടി അയൂബ്, കെ അൻവർ ഹാജി, കെ.പി രവീന്ദ്രൻ, പി.പി ജസ്ന, ജാസ്മിന, കെ.പി വിജയൻ കല്ലേരി, ഹാരിസ് മുക്കാളി തുടങ്ങിയവർ പ്രസംഗിച്ചു.
കൊയിലാണ്ടിയിൽ പലയിടത്തും കൊട്ടിക്കലാശം നിയന്ത്രണങ്ങൾ ലംഘിച്ചു. കൊയിലാണ്ടി പേരാമ്പ്ര റോഡിൽ പെരുവട്ടൂരിൽ ഗതാഗതം സ്തംഭിച്ചു. യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരാണ് മുഖാമുഖം നിന്ന് മണിക്കൂറുകളോളം മുദ്രാവാക്യം വിളിച്ചത്.
കുറ്റ്യാടി പരിസര പ്രദേശങ്ങളിൽ കലാശകൊട്ട് സമാധാനപരമായി അവസാനിച്ചു, തൊട്ടിൽ പാലം,നിട്ടൂർ, തളീക്കര, കാവിലുംപാറ, വേളം, മരുതോങ്കര, കായക്കൊടി, കുന്നുമ്മൽ ഭാഗങ്ങളിലെ യു.ഡി.എഫ്, എൽ.ഡി.എഫ് ,ബി.ജെ.പി പ്രവർത്തകർ റോഡ് ഷോ നടത്തിയും, പ്രചരണ വാഹനങ്ങളിൽ അനൗൺസ്മെന്റ് നടത്തിയും കലാശകൊട്ട് അവസാനിപ്പിച്ചു. കൊട്ടിക്കലാശം
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് മാസ്ക്കും സാമൂഹിക അകലവും ഇല്ലാതെയാണ് മുക്കം നഗരസഭയിൽ പലയിടത്തും കൊട്ടിക്കലാശം നടന്നത്. പുറത്തിറങ്ങാൻ കർശന നിയന്ത്രണങ്ങളുള്ള കുട്ടികളും വൃദ്ധരും പോലും ആൾക്കൂട്ടത്തിന്റെ ഭാഗമായി കണ്ടു. മൂന്നുപേർ കയറിയ ഇരുചക്രവാഹനങ്ങളുപയോഗിച്ചുള്ള പ്രചാരണ ജാഥകളുമുണ്ടായി.