
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാർശങ്ങൾ കുറ്റവാളിയുടെ ദീനരോദനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേസ് അട്ടിമറിക്കുന്നത് കേന്ദ്ര ഏജൻസികളല്ല, സംസ്ഥാന ഏജൻസികളാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഭീഷണിയും വിരട്ടലും കേന്ദ്ര ഏജൻസികളുടെ അടുത്ത് വിലപ്പോവില്ല. സ്വർണക്കടത്തിൽ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോൾ അദ്ദേഹം ഒരു മുഴം മുന്നേ എറിയുകയാണ്. കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പും പൊലീസും വിജിലൻസും ശ്രമിക്കുകയാണ്.
സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് മുഖ്യമന്ത്രിയല്ലേ. അന്വേഷണം തനിക്കു നേരെ തിരിയുന്നുവെന്ന് കണ്ടതോടെ ഏജൻസികളെ തിരിച്ചുവിളിക്കാൻ പറഞ്ഞാൽ അത് നടക്കില്ല. കേരള മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി ഇരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സി.എം. രവീന്ദ്രനെ പൂർണമായും ന്യായീകരിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് രവീന്ദ്രൻ ഇ.ഡിയുടെ ചോദ്യം ചെയ്യൽ ഭയക്കുന്നതെന്നുകൂടി വ്യക്തമാക്കണം. ഊരാളുങ്കൽ സൊസൈറ്റിയും രവീന്ദ്രനും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കുകതന്നെ വേണം. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് കോൺഗ്രസിനെ നശിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.