mulla

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ അന്വേഷണം തന്നിലേക്കു നീങ്ങുമെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രി കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ വീണ്ടും തിരിഞ്ഞതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.എം. രവീന്ദ്രനെ ഇപ്പോൾ തള്ളിപ്പറഞ്ഞാൽ കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിൽ തന്നെ ഒറ്റിക്കൊടുക്കുമെന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. രവീന്ദ്രന്റെ രോഗമെന്തെന്ന് വ്യക്തമായി അറിയാവുന്ന വൈദ്യൻ മുഖ്യമന്ത്രി തന്നെയാണ്.

കേരളത്തെ കൊവിഡിന് എറിഞ്ഞുകൊടുത്തത് സർക്കാരാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രോഗവ്യാപനം തീവ്രമാകുമെന്നു പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്താനാണ് ആരോഗ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്. ഈ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കൽ മാത്രമാണ്.

തിരഞ്ഞെടുപ്പു പരാജയം ഭയന്ന് മുഖ്യമന്ത്രി കൊവിഡിനെയും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തുകയാണ്.

സൗജന്യ വാക്സിൻ വിതരണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.