
കോഴിക്കോട്:പുരാവൃത്തങ്ങളുടെ ഇഴകൾ രചനകളിൽ പൊന്നിൻ കസവാക്കി മാറ്റിയ കഥാകാരൻ ഇനി മങ്ങാത്ത ഓർമ്മ. തൃക്കോട്ടൂരിന്റെ, കോഴിക്കോടിന്റെ സ്വന്തം യു.എ.ഖാദറിന് നാട് വിങ്ങലോടെ വിട ചൊല്ലി. ഖബറടക്കം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിക്കോടി മീത്തലപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ നടന്നു.
സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
പൊക്കുന്നിലെ വസതിയായ 'അക്ഷര" ത്തിൽ നിന്നു രാവിലെ പത്ത് മണിയോടെ ഭൗതികശരീരം മയ്യത്ത് നിസ്‌കാരത്തിനായി കിണാശേരി കോന്തനാരി പള്ളിയിലേക്ക് എത്തിച്ചു. മൂത്ത മകൻ ഫിറോസ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. തുടർന്ന് 11 മണിയോടെ കോഴിക്കോട് പട്ടാള പള്ളിയിലെ മയ്യത്ത് നിസ്‌കാരവും കഴിഞ്ഞ് ഭൗതികശരീരം 11.10ന് ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു. പത്തു മണി കഴിഞ്ഞതോടെ തന്നെ ടൗൺഹാളിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ജില്ലാ കളക്ടർ എസ്.സാംബശിവ റാവു അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, എം.പി മാരായ എളമരം കരീം, എം.കെ രാഘവൻ, ബിനോയ് വിശ്വം, എം.എൽ.എ മാരായ പുരുഷൻ കടലുണ്ടി, എ.പ്രദീപ് കുമാർ, എഴുത്തുകാരായ കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, സുഭാഷ് ചന്ദ്രൻ, പി.കെ ഗോപി, സംവിധായകൻ രഞ്ജിത്ത്, പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി ഡോ.യു.ഹേമന്ത്, സാഹിത്യ അക്കാഡമി സെക്രട്ടറി മോഹനൻ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, സി.പി.ഐ നേതാക്കളായ സി.എൻ ചന്ദ്രൻ, ടി.വി ബാലൻ, കോൺഗ്രസ് നേതാക്കളായ ടി.സിദ്ദിഖ്, കെ.സി അബു, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ, ജാനമ്മ കുഞ്ഞുണ്ണി തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
കൊയിലാണ്ടി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ കെ.ദാസൻ എം.എൽ.എ, നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് കൊയിലാണ്ടി മേത്തലക്കണ്ടി ജുമാ മസ്ജിദിൽ മയ്യത്ത് നിസ്‌കാരവും കഴിഞ്ഞായിരുന്നു ഖബറടക്കം.