ua-khadar

കോഴിക്കോട് : ദേശത്തിന്റെയെന്ന പോലെ നമ്മുടെ കാലത്തിന്റെയും കഥ പറഞ്ഞ യു.എ. ഖാദർ എക്കാലവും സ്മരിക്കപ്പെടുമെന്ന് എം.ടി. വാസുദേവൻ നായർ‌ പറഞ്ഞു.

കോഴിക്കോട് ടൗൺ ഹാളിൽ ഒരുക്കിയ അനുശോചനയോഗത്തിൽ എം.ടിയുടെ സന്ദേശം വായിക്കുകയായിരുന്നു.

ഖാദറിന്റെ വിയോഗത്തോടെ മലയാള സാഹിത്യലോകത്തിനും സമൂഹത്തിനും കനത്ത നഷ്ടമാണുണ്ടായതെന്ന് അനുസ്മരണ പ്രമേയം ചൂണ്ടിക്കാട്ടി.

ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് അദ്ധ്യക്ഷനായിരുന്നു. പുരോഗമന പക്ഷത്ത് എക്കാലവും നിലയുറപ്പിച്ച എഴുത്തുകാരനാണ് ഖാദറെന്ന് എളമരം കരീം എം.പി പറഞ്ഞു.

എത്ര കാലം കഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ നിന്ന് യു.എ. ഖാദർ മാഞ്ഞുപോകില്ലെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ഖാദറെന്ന് എം.കെ. രാഘവൻ എം.പി അനുസ്‌മരിച്ചു. എം.എൽ.എമാരായ എം.കെ. മുനീർ, എ. പ്രദീപ്കുമാർ, പുരുഷൻ കടലുണ്ടി, അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ സുരേഷ്, വി.ആർ.സുധീഷ്, കമാൽ വരദൂർ, പോൾ കല്ലാനോട്, പി. രഘുനാഥ്, കെ.ഇ.എൻ, എം. രാജൻ, എ.കെ. രമേഷ് തുടങ്ങിയവരും സംസാരിച്ചു.